'ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരാണ് അവനെ വിമര്‍ശിക്കുന്നത്, ക്രിക്കറ്റ് എളുപ്പമുള്ള കളിയല്ല'; ഗൗതം ഗംഭീര്‍
Cricket
'ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരാണ് അവനെ വിമര്‍ശിക്കുന്നത്, ക്രിക്കറ്റ് എളുപ്പമുള്ള കളിയല്ല'; ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 1:26 pm

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായ മോശം ഫോമിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ കളിപ്പിച്ച രണ്ട് മത്സരത്തിലും താരം ഫ്‌ലോപ്പായിരുന്നു. രാഹുലിനെതിരെ കനത്ത പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍.

‘അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരാണ് രാഹുലിനെ വിമര്‍ശിക്കുന്നത്. ക്രിക്കറ്റ് എളുപ്പമുള്ള കളിയല്ല. മികച്ചൊരു താരം ഫോം ഔട്ടായാല്‍ അവനെ പിന്തുണച്ച് ഫോമിലേക്കെത്തിക്കുകയാണ് വേണ്ടത്.

തുടക്കം മുതല്‍ കരിയറിന്റെ അവസാനം വരെ സ്ഥിരതയോടെ റണ്‍സടിച്ച ആരുമില്ല. എല്ലാവരും ഈ പ്രതിസന്ധിയിലൂടെ കടന്ന് പോയവരാണ്. അതുകൊണ്ട് തന്നെ രാഹുലിനെ അംഗീകരിക്കുകയും പിന്തുണക്കുകയും വേണം,’ ഗംഭീര്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ കരിയര്‍ എടുത്ത് നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെയല്ല രോഹിത് ഇപ്പോഴുള്ളതെന്നും ചൂണ്ടിക്കാട്ടിയ ഗംഭീര്‍ രാഹുലിന് വേണ്ട പിന്തുണ നല്‍കണമെന്നും പറഞ്ഞു.

രാഹുലിനെതിരെ വെങ്കടേഷ് പ്രസാദും ആകാശ് ചോപ്രയും നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ മോശം പ്രകടനം നിരത്തി വിമര്‍ശിച്ച പ്രസാദിന്റെയും ചോപ്രയുടെയും ട്വീറ്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിങ്ങളായിരുന്നു രാഹുലിന്റെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്നും അവന്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹര്‍ഭജന്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീം 262 റണ്‍സിന് പുറത്തായിരുന്നു. ശേഷം രണ്ടാം ഇന്നിങ്സില്‍ ഓസീസിനെ 113 റണ്‍സിന് ഒതുക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം അനായാസമായത്.

115 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ ടീം ആറ് വിക്കറ്റുകള്‍ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 31 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വര്‍ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ടീം വിജയ ലക്ഷ്യം മറികടന്നത്.

മോശം പ്രകടനം പരിഗണിച്ച് അടുത്തിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം നേരത്തേ ഒഴിവാക്കപ്പെട്ടിരുന്നു.

Content Highlights: Gautam Gambhir backs Kl Rahul