വെച്ചത് സൗദി ക്ലബ്ബിനാണെങ്കിലും കൊണ്ടത് റോണോക്കാണല്ലോ; മുന്‍ ബാഴ്‌സ താരത്തിന്റെ സൂപ്പര്‍ ട്വീറ്റ്
Sports News
വെച്ചത് സൗദി ക്ലബ്ബിനാണെങ്കിലും കൊണ്ടത് റോണോക്കാണല്ലോ; മുന്‍ ബാഴ്‌സ താരത്തിന്റെ സൂപ്പര്‍ ട്വീറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th July 2023, 10:02 pm

ഫുട്‌ബോളില്‍ ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കാലമാണ്. യൂറോപ്യന്‍ വമ്പന്‍മാരെല്ലാം മികച്ച താരങ്ങളെ സ്വന്തമാക്കി ടീമുകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ നിലവില്‍ ഫുട്‌ബോള്‍ യൂറോപ്പിനെ ചുറ്റിപറ്റി മാത്രമല്ല. ഒരുപാട് താരങ്ങള്‍ സൗദി ലീഗിലും, അമേരിക്കന്‍ സോക്കര്‍ ലീഗിലേക്കും ചേക്കേറുന്നുണ്ട്.

ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറാണ് നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന കാര്യം. നിലവില്‍ പി.എസ്.ജിയുടെ താരമായ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഇക്കൂട്ടത്തില്‍ പ്രധാനി.

സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ റെക്കോഡ് തുകയുമായി പി.എസ്.ജിയെ സമീപിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത.

സൗദി വമ്പന്‍മാരുടെ ഈ ഓഫറിനെ കളിയാക്കിയാണ് മുന്‍ ബാഴ്‌സ-ടോട്ടന്‍ഹാം താരമായ ഗാരി ലിനേക്കര്‍ പരാമര്‍ശിക്കുന്നത്. എംബാപ്പെയുടെ ഭാവിയെ കുറിച്ചാണ് അദ്ദേഹം തമാശ രൂപേണ ട്വീറ്റ് ചെയ്തത്.

‘സെമി റിട്ടയര്‍മെന്റിനുള്ള പ്രായം എംബാപ്പെക്ക് ആയിട്ടില്ലല്ലോ,’ ഇതായിരുന്നു ലിനേക്കറിന്റെ ട്വീറ്റ്. സൗദിയില്‍ കളിക്കുന്ന താരങ്ങളെല്ലാം പ്രായം ചെന്ന അല്ലെങ്കില്‍ കരിയര്‍ തീരാറായതാണെന്നുള്ള പൊതുവായിട്ടുള്ള മുന്‍വിധിയാണ്.

എംബാപ്പെയുടെ പീക്ക് ടൈമില്‍ അദ്ദേഹം യൂറോപ്പില്‍ തന്നെ തുടരണമെന്നാണ് ലിനേക്കര്‍ ഈ ട്വീറ്റിലൂടെ ഉദ്ദേശിക്കുന്നത്.

റയല്‍ മാഡ്രിഡാണ് അദ്ദേഹത്തിന് അനുയോജ്യമായ ടീമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെയും ആരാധകരുടെയും അഭിപ്രായം. അദ്ദേഹം ലാ ലിഗയില്‍ എത്താനുള്ള എല്ലാ സാധ്യതയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

 

റയല്‍ പ്രധാനിയാണെങ്കിലും പ്രീമിയല്‍ ലീഗ് റണ്ണറപ്പായ ആഴ്‌സനലും അദ്ദേഹത്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണ് മുഴുവന്‍ അദ്ദേഹം അല്‍ ഹിലാലിലേക്ക് പോകുമോ എന്നാണ്.

 

 

 

Content Highlight: Gary Linekar Says Mbappe is too Young to play in Saudi League