ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ വലിയ സ്‌കോര്‍ നേടിയിട്ടും ഇന്ത്യ തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
എന്നാല്‍ ആദ്യ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം ലഖ്‌നൗവിന്റെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ദീപക് ഹൂഡയെ കളിപ്പിക്കാമായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. ഹൂഡ ഭാവി വാഗ്ദാനമാണെന്നാണ് ഗംഭീര്‍ പറയുന്നത്.
ദിനേഷ് കാര്‍ത്തിക്കിനെ നിങ്ങള്‍ കളിപ്പിച്ചതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, ദീപക് ഹൂഡയെ നിങ്ങള്‍ക്ക് കളിപ്പിക്കാമായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു, അവന്‍ മികച്ച ഫോമിലായിരുന്നു പോരാത്തതിന് അവന്‍ ഒരു ചെറുപ്പക്കാരനുമാണ്. എന്നാല്‍ അടുത്ത മത്സരങ്ങളില്‍, വിക്കറ്റ് തീരെ വരണ്ടതല്ലാതെ സാഹചര്യങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു, ”ഗൗതം ഗംഭീര്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് ഹൂഡ. എല്‍.എസ്.ജിയുടെ ടീം മെന്ററാണ് ഗൗതം ഗംഭീര്‍. ലഖ്‌നൗവിന് വേണ്ടി മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചത്. എന്നാല്‍ ഫിനിഷിങ് റോളില്‍ മികച്ച പ്രകടനമായിരുന്നു ദിനേഷ് കാര്‍ത്തിക്കും കാഴ്ചവെച്ചത്.
മത്സരത്തില്‍ വെറും രണ്ട് ബോളുകള്‍ മാത്രമേ കാര്‍ത്തിക് നേരിട്ടുള്ളു.
ലഖ്‌നൗവിന്റെ യുവ സ്പിന്നര്‍ രവി ബിഷ്‌ണോയിയേയും ഗംഭീര്‍ പുകഴ്ത്തയിരുന്നു. ചഹലിന്റെയൊപ്പം ടീമില്‍ രണ്ടാം സ്പിന്നറായി ബിഷ്‌ണോയി കളിക്കണം എന്നാണ് ഗംഭീറിന്റെ അഭിപ്രായം. പിച്ച് സ്പിന്നിനെ തുണക്കുന്നതാണെങ്കില്‍ ബിഷ്‌ണോയിയെ കളിപ്പിക്കണമെന്ന് ഗംഭീര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ഒരു സീമറെ പുറത്തിരുത്തി ലെഗ് സ്പിന്നറെ കളിപ്പിക്കാം, ഹര്‍ദിക്കിനെ മൂന്നാമത്തെ സീമറാക്കാം. നിങ്ങള്‍ക്ക് രണ്ട് റിസ്റ്റ്-സ്പിന്നര്‍മാര്‍ അറ്റാക്കിംഗ് ഓപ്ഷനുകളായി ഉണ്ടാകും, പക്ഷേ ഗ്രൗണ്ട് ചെറുതാണെങ്കില്‍ വിക്കറ്റില്‍ കൂടുതല്‍ സ്പിന്‍ ഇല്ലെങ്കില്‍, നിങ്ങള്‍ ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇറക്കിയാല്‍ മതി,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ഗെയിമില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ചഹലും തന്റെ രണ്ടോവറില്‍ റണ്‍സ് ചോര്‍ത്തിയതിനാല്‍ അദ്ദേഹത്തിന് ഫുള്‍ ക്വാട്ട ലഭിച്ചില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇതേ ടീം തന്നെ തുടരാനാണ് സാധ്യത.