ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തീര്‍ത്തും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ട്ടിയില്‍ അരികുവല്‍കരിക്കപ്പെട്ടേക്കുമെന്ന് സൂചന. ഇതിനെ പ്രതിരോധിക്കാനായി ഗഡ്കരി ഉപപ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന് അദ്ദേഹവുമായി
അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഉപപ്രധാനമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കും. മോദി-ഷാ ദ്വയം നിയന്ത്രിക്കുന്ന ബി.ജെ.പിയില്‍ സ്വന്തം സ്ഥാനം സുരക്ഷിതമാക്കാന്‍ ഇത് കൊണ്ട് സാധിച്ചേക്കും’- ഗഡ്കരിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.
ബി.ജെ.പിക്ക് ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മോദിക്ക് പകരം താരത്മ്യേനെ മിതവാദിയായ ഗഡ്കരി ഉയര്‍ന്നു വന്നേക്കുമെന്ന സൂചനകളുണ്ടായിരുന്നു. മോദി ഷാ ദ്വയത്തിന് ഭീഷണിയായി ഉയര്‍ന്നു വരുന്ന ഗഡ്കരിയെ, എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും, സുമിത്ര മഹാജനേയും ഒതുക്കിയത് പോലെ ഒതുക്കിയേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
‘ഗഡ്കരിക്ക് എല്ലാ രാഷ്ട്രീയ വൃത്തങ്ങളിലും നല്ല ബന്ധമാണ്. ഇത് ഉയര്‍ത്തിക്കാട്ടി അമിത് ഷാ അദ്ദേഹത്തെ സഭയിലെ സ്പീക്കര്‍ ആയി നിയമിക്കാന്‍ ആവശ്യപ്പെടും. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയതേക്കും. ഗഡ്കരിയെക്കാള്‍ ജൂനിയര്‍ ആയ ദേവേന്ദ്ര ഫട്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരും. ബി.ജെ.പിയില്‍ ഇപ്പോഴുള്ള സ്ഥാനം ഗഡ്കരിക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഞങ്ങള്‍ സന്തുഷ്ടരായിരിക്കും.’- വൃത്തങ്ങള്‍ പറയുന്നു.
നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഗഡ്കരി, കോണ്‍ഗ്രസിന്റെ നാനാ പഠോളിയെക്കാള്‍ മുന്നില്‍ ലീഡ് ചെയ്യുകയാണ്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ഇതിനകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 348 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.