സീരി എയില്‍ മുമ്പ് പ്രതാപകാലമുണ്ടായിരുന്നെങ്കിലും എ.എസ് റോമ കഴിഞ്ഞ കുറച്ചു കാലമായി മോശം ഫോമിലാണ് കളിക്കുന്നത്. 2000-2001 സീസണിലാണ് എ.എസ് റോമ അവസാനമായി സീരി എ കിരീടം ഉയര്‍ത്തിയത്. ഈ സീസണിലെ ടീമന്റെ കിരീട സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു മുന്‍ റോമ ഫോര്‍വേഡ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട.
കുറച്ച് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെന്നതിനാല്‍ കിരീടസാധ്യത എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കേണ്ട സമയമായിട്ടില്ലെന്നും എന്നാല്‍ റോമക്ക് കിരീടം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമയ്ക്കും ഇന്റര്‍ മിലാനും ഇത് നല്ല വര്‍ഷമായിരിക്കുമെന്നും സീരി എയില്‍ മികച്ച മത്സരാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോമയുടെ പരിശീലകനായി മൗറീഞ്ഞോ ചുമതലയേറ്റതും അര്‍ജന്റീന താരം ഡിബാല റോമയില്‍ എത്തിയതും നല്ല മുന്നേറ്റമാണെന്ന് ബാറ്റിസ്റ്റ്യൂട്ട വിലയിരുത്തി.
റോമയ്ക്ക് വേണ്ടി സൈന്‍ ചെയ്തതിന് ശേഷം ബാറ്റിസ്റ്റ്യൂട്ടയുടെ ആദ്യ സീസണില്‍ റോമ സീ
രി എ ജേതാക്കളായിരുന്നു. ആ സീസണിന് ശേഷം എ.എസ് റോമയ്ക്ക് പിന്നീട് ഒരിക്കലും സീരി എ ചാമ്പ്യന്‍മാരായിട്ടില്ല.
”മൗറീഞ്ഞോയുടെയും ഡിബാലയുടെയും വരവോടെ, 2001-ല്‍ ഞങ്ങള്‍ ചെയ്തതിന് സമാനമായ ഒന്നിലൂടെയാണ് റോമ കടന്നുപോകുന്നത്. ക്ലബിന് ചുറ്റും ഒരു പുതിയ ഉടമസ്ഥാവകാശ ഗ്രൂപ്പും ആവേശവുമുണ്ട്. ഇത് വളരെക്കാലം നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.
യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മുന്നേറ്റ നിരയിലെ വിശ്വസതനായ പൗളോ ഡിബാലയെ റോമ സ്വന്തമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറിലാണ്. ആറ് ദശലക്ഷം യുറോയാണ് പ്രതിഫലം. കരാര്‍ പുതുക്കുന്നില്ലെന്ന് യുവന്റസ് തീരുമാനിച്ചതോടെയാണ് ഇരുപത്തിയെട്ടുകാരനായ ഡിബാല പുതിയ തട്ടകം തേടിയത്.
എട്ട് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് എ.എസ് റോമ്ക്കുള്ളത്. 8 കളികളില്‍ നിന്ന് 20 പോയിന്റുമായി നാപ്പോളിയും അറ്റലാന്റയും നിലവില്‍ സീരി എ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ബാറ്റിസ്റ്റ്യൂട്ടയുടെ വാക്കുകള്‍ കടമെടുത്താല്‍, ഇതുവരെ കുറച്ച് മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍, ആരാണ് വിജയിയാകാന്‍ കൂടുതല്‍ സാധ്യതയെന്ന് ഉറപ്പിച്ച് പറയാനാവില്ല.
ഈ സീസണില്‍ സീരി എയുടെ 8 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ എഎസ് റോമ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
Content Highlights: Gabriel Bastituta speaks about AS Roma and Dybala