ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് ടീമിലെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് താരങ്ങളാണ് കരീബിയന്‍ കരുത്തന്‍മാരായ കെയ്‌റോണ്‍ പൊള്ളാര്‍ഡും ഡ്വെയ്ന്‍ ബ്രാവോയും. മുംബൈ ഇന്ത്യന്‍സിന്റെ പല കിരീടവിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായ പൊള്ളാര്‍ഡും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാക്കിയ ബ്രാവോയും ഐ.പി.എല്ലിലെ ഇതിഹാസ താരങ്ങള്‍ തന്നെയാണ്.
ഐ.പി.എല്ലില്‍ നിന്നും വിരമിച്ച ശേഷം ഇരുവരും സ്വന്തം ടീമിന്റെ പരിശീലകരായി ചുമതലയേറ്റിരുന്നു. പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ചായപ്പോള്‍ ബ്രാവോ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകനായും ചുമതലയേറ്റിരുന്നു.
റൈവല്‍ ടീമുകളിലാണെങ്കിലും കളിക്കളത്തിനകത്തും പുറത്തും നിറഞ്ഞ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. വിന്‍ഡീസിന്റെ മെറൂണ്‍ ജേഴ്‌സിയില്‍ തുടങ്ങിയ ബന്ധം അവരിപ്പോഴും തുടരുകയാണ്.
ഐ.പി.എല്‍ വിജയത്തിന് പിന്നാലെ ബ്രാവോ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയെന്ന് ബ്രാവോ പറയുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പൊള്ളാര്‍ഡ്. ചെന്നൈക്ക് മാത്രമല്ല മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലില്‍ അഞ്ച് തവണ കിരീടം നേടിയവരാണെന്ന് ഓര്‍മിപ്പിക്കാനും പൊള്ളാര്‍ഡ് മറന്നില്ല.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയിട്ടുണ്ടെന്നും മുംബൈക്ക് ഒറ്റ കിരീടം മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ എന്നും ബ്രാവോ തിരിച്ചടിച്ചു.
ശേഷം താരമെന്ന നിലയിലും പൊള്ളാര്‍ഡിനേക്കാള്‍ നേട്ടം തനിക്ക് സ്വന്തമാക്കാന്‍ സാധിച്ചെന്നും ബ്രാവോ പറഞ്ഞു. കളിക്കാരന്‍ എന്ന നിലയില്‍ തനിക്ക് 17 കിരീടങ്ങളുണ്ടെന്ന് വ്യക്തമാക്കിയ ബ്രാവോ പൊള്ളാര്‍ഡിനോട് എത്ര കിരീടങ്ങളുണ്ടെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കൂട്ടി നോക്കിയിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
എന്നാല്‍ താന്‍ എണ്ണിയിട്ടുണ്ടെന്നും, 15 എണ്ണം മാത്രമാണെന്നും ബ്രാവോ പറഞ്ഞു. തനിക്കൊപ്പമെത്താന്‍ പൊള്ളാര്‍ഡ് ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും തമാശരൂപത്തില്‍ ബ്രാവോ കൂട്ടിച്ചേര്‍ത്തു.
ഇരുവരുടെയും ഈ കൊടുക്കല്‍ വാങ്ങലുകള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.