ലവ് സ്റ്റോറിയാന്‍ മുതല്‍ ബീഫ് പ്രേമം വരെ; ബ്രഹ്മാസ്ത്ര നേരിട്ട വെല്ലുവിളികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യുകയാണ്. ബോയ്‌കോട്ട് ക്യാമ്പെയ്‌നിലും തുടര്‍ച്ചയായ വമ്പന്‍ ബോക്‌സ് ഓഫീസ് പരാജയങ്ങളിലും തളര്‍ന്നിരിക്കുന്ന ബോളിവുഡിന് ബ്രഹ്മാസ്ത്ര ആശ്വാസമാകുമോയെന്നാണ് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്നത്.

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും നായിക നായകന്മാരാകുന്ന ചിത്രത്തിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. പൊതുവേ ബോളിവുഡിനെതിരെ ഒരു ജനവികാരം നിലവിലുണ്ട്. നടനായ സുശാന്ത് സിങ്ങിന്റെ മരണം മുതല്‍ അതിന് പല കാരണങ്ങളുമുണ്ട്. അതിനാല്‍ ബോളിവുഡ് ലേബലില്‍ ഒരു നല്ല സിനിമ വന്നാല്‍ പോലും രക്ഷയില്ല എന്ന അവസ്ഥയാണ്.

ഇനി ബോയ്‌കോട്ട് ക്യാമ്പെയ്‌ന് പിന്നിലും സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതക്ക് പിന്നിലും പല കാരണങ്ങളും രാഷ്ട്രീയങ്ങളുമൊക്കെയുണ്ട്.

മറ്റ് ചിത്രങ്ങളിലെന്ന പോലെ പല അസംബന്ധങ്ങളും പറഞ്ഞു കൊണ്ടാണ് ബ്രഹ്മാസ്ത്രക്കെതിരെയും ബോയ്‌കോട്ട് മുറവിളികള്‍ ഉയരുന്നത്. ബഹ്മാസ്ത്രക്കെതിരെ ബോയ്‌കോട്ട് വന്നത് രണ്‍ബീര്‍ കപൂറിന്റെ പഴയ അഭിമുഖത്തിലെ ബീഫ് പരാമര്‍ശത്തിലാണ്. തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് രണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറയുന്നുണ്ട്.

അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാഗ് ക്യാമ്പെയിന്‍ നടന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്‍ബീര്‍ നല്‍കിയ അഭിമുഖമാണ് ബോയ്‌കോട്ടുകാര്‍ കുത്തിപൊക്കിയത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയ സമയത്തും വലിയ വിമര്‍ശനം ഉയര്‍ന്നതിരുന്നു. സീരിയല്‍ നിലവാരത്തിലാണ് ടീസറെന്ന് പറഞ്ഞ വിമര്‍ശകര്‍ വി.എഫ്.എക്‌സിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചു. ഹോളിവുഡ് ആനിമേഷന്‍ സിനിമയായ മോവാനയിലെ ഡി ഫിറ്റി എന്ന ദേവതയുടെ ആനിമേഷന്‍ രൂപത്തിന്റെ കോപ്പിയാണ് ബ്രഹ്മാസ്ത്ര ടീസറിലെ ഒരു രംഗത്തില്‍ കാണിക്കുന്നതെന്നായിരുന്നു ട്രോളുകള്‍ പ്രചരിച്ചത്.

പിന്നാലെ വന്ന കേസരിയ തേരാ എന്ന പാട്ടിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ ആശ്വസിച്ചിരുന്നിരിക്കണം. എന്നാല്‍ കേസരിയയുടെ ഫുള്‍ വേര്‍ഷന്‍ പുറത്ത് വന്നതോടെ വരികളിലെ ലവ് സ്റ്റോറിയാന്‍ എന്ന പ്രയോഗം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ കേസരിയയിലെ ലവ് സ്‌റ്റോറിയ പ്രയോഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.

ഈ കോലാഹലങ്ങള്‍ക്കിടയിലും ബ്രഹ്മാസ്ത്രയില്‍ പ്രതീക്ഷ വെക്കുന്നവരുമുണ്ട്. അയാന്‍ മുഖര്‍ജിയുടെ മുന്‍ചിത്രങ്ങളായ വേക്ക് അപ് സിഡും ഹേ ജവാനി ഹേ ദിവാനിയും വലിയ വിജയങ്ങളായിരുന്നു. ഇതും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ബ്രഹ്മാസ്ത്രയുടെ പ്രൊമോ വീഡിയോക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലുള്ള എട്ട് അസ്ത്രങ്ങളെയാണ് പ്രൊമോ വീഡിയോയിലൂടെ അവതരിപ്പിച്ചത്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, നാഗ്ധനുഷ്, ഗജാസ്ത്ര, ആഗ്നേയാസ്ത്ര എന്നിങ്ങനെ പോകുന്ന ഒരു അസ്ത്രവേഴ്‌സിനെയാണ് ബ്രഹ്മാസ്ത്രയിലൂടെ അയാന്‍ മുഖര്‍ജി അവതരിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന ശിവ എന്ന കഥാപാത്രം തന്നെ ആഗ്നേയാസ്ത്രമാണ്.

അസ്ത്രാവേഴ്‌സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

Content Highlight: From Love Storian to Beef Love of ranbir; Challenges faced by Brahmastra video story