തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പരാതിയുമായി ഫ്രീതിങ്കേഴ്‌സ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാണ് ഫ്രീതിങ്കേഴ്‌സ് പരാതി നല്‍കിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിനേഷന്‍ നിരക്ക് കുറയാന്‍ കാരണം ജേക്കബ് വടക്കാഞ്ചേരിയെ പോലുള്ള ആളുകളാണ് എന്നാണ് ഫ്രീതിങ്കേഴ്‌സ് പരാതിയില്‍ ആരോപിക്കുന്ന.് അദ്ദേഹത്തെ മാതൃകാപരമായി ശിക്ഷിയ്ക്കണം.
ജേക്കബ് വടക്കാഞ്ചേരിയ്ക്ക് മെഡിക്കല്‍ ബിരുദമില്ലെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
ഏഴ് ചികിത്സാ കേന്ദ്രങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി നടത്തുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്നും ഇവിടുത്തെ ചികിത്സകര്‍ക്ക് ആര്‍ക്കെങ്കിലും മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉണ്ടോയെന്നും പരിശോധിക്കണമെന്നും ഫ്രീതിങ്കേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫീസ് വാങ്ങിയിട്ടാണ് വടക്കാഞ്ചേരി ചികിത്സ നടത്തുന്നത്. ഇതിനു പുറമേ ഓണ്‍ലൈന്‍ വഴി പല ഉല്പന്നങ്ങളും വില്‍ക്കുന്നുമുണ്ട്. ഇതിനെല്ലാം കൃത്യമായ കണക്കുണ്ടോയെന്നും സര്‍ക്കാറിന് കൃത്യമായി നികുതി നല്‍കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തനിയ്ക്ക് മെഡിക്കല്‍ ബിരുദമില്ലെന്നും ചികിത്സകനായതുകൊണ്ടാണ് പേരിനൊപ്പം ഡോ. എന്നു ചേര്‍ത്തതെന്നും അടുത്തിടെ മാതൃഭൂമി ന്യൂസിലെ അകംപുറം പരിപാടിയില്‍ ജേക്കബ് വടക്കാഞ്ചേരി തന്നെ വ്യക്തമാക്കിയിരുന്നു.