ആ നടന്‍ നോ പറഞ്ഞാല്‍ ഞാന്‍ ഫഹദ് ഫാസിലിനെ ഗാന്ധിയാക്കിയേനേ: ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സംവിധായകന്‍
Entertainment
ആ നടന്‍ നോ പറഞ്ഞാല്‍ ഞാന്‍ ഫഹദ് ഫാസിലിനെ ഗാന്ധിയാക്കിയേനേ: ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2024, 9:30 am

ഹിന്ദി സീരീസ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീരീസാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. സ്വാതന്ത്ര്യ സമരത്തിന്റെ സങ്കീര്‍ണതകളും സാമൂഹിക – രാഷ്ട്രീയ കാലാവസ്ഥയും വരച്ചുകാട്ടുന്ന സീരീസാണിത്. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത സീരീസ് ഇന്ത്യ- പാകിസ്ഥാന്‍ വിഭജനവും സ്വാതന്ത്ര്യവുമെല്ലാമാണ് പ്രമേയമാക്കിയത്.

ചിരാഗ് വോഹ്റ മഹാത്മാ ഗാന്ധിയായി എത്തിയപ്പോള്‍ സിദ്ധാന്ത് ഗുപ്തയാണ് ജവഹര്‍ലാല്‍ നെഹ്‌റുവായി അഭിനയിച്ചത്. ഒപ്പം രാജേന്ദ്ര ചൗളയും സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. സോണി ലിവിലാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സ്ട്രീം ചെയ്യുന്നത്.

ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും തന്റെ പ്രിയപ്പട്ട നടന്മാരാണെന്ന് പറയുകയാണ് സീരീസിന്റെ സംവിധായകന്‍ നിഖില്‍ അദ്വാനി. ആവേശം സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും വളരെ മികച്ച ഒരു സിനിമയാണ് അതെന്നും നിഖില്‍ പറഞ്ഞു.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റില്‍ മഹാത്മാ ഗാന്ധിയായി എത്തിയ ചിരാഗ് വോഹ്റ ആ കഥാപാത്രത്തിന് നോ പറഞ്ഞിരുന്നെങ്കില്‍ ഫഹദ് ഫാസിലിനെ താന്‍ ഗാന്ധിയാക്കിയേനെയെന്നും നിഖില്‍ അദ്വാനി കൂട്ടിച്ചേര്‍ത്തു. സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഫഹദ് ഫാസിലും ദുല്‍ഖറും എന്റെ പ്രിയപ്പട്ട നടന്മാരാണ്. ഫഹദ് മികച്ച നടനാണ്. അദ്ദേഹത്തിന്റെ ആവേശം എന്ന സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമ സൂപ്പറാണ്. വളരെ മികച്ച ഒരു സിനിമയാണ് അത്. ഫഹദ് എന്ത് ചെയ്താലും അത് ഇന്‍ക്രെഡിബിളാണ്.

ചിരാഗ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റിലേക്ക് വിളിച്ചപ്പോള്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഫഹദിനെ മഹാത്മാ ഗാന്ധി ആക്കിയേനെ,’ നിഖില്‍ അദ്വാനി പറയുന്നു.

ഫഹദ് ഫാസില്‍ ഏതെങ്കിലും മലയാള സിനിമയിലെ കഥാപാത്രത്തിന് നോ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ കാസ്റ്റ് ചെയ്യാമെന്ന് നടന്‍ ചിരാഗ് വോഹ്രയും അഭിമുഖത്തില്‍ പറഞ്ഞു.


Content Highlight: Freedom At Midnight Series Director Nikhil Advani Talks About Fahadh Faasil And Mahathma Gandhi Role In His Series