ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ ന്യായീകരിച്ച സെനറ്റര്‍ക്കുനേരെ ചീമുട്ടയെറിഞ്ഞ് കൗമാരക്കാരന്‍
World News
ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ ന്യായീകരിച്ച സെനറ്റര്‍ക്കുനേരെ ചീമുട്ടയെറിഞ്ഞ് കൗമാരക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 3:00 pm

 

സിഡ്‌നി: 49 മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ ന്യായീകരിച്ച സെനറ്റര്‍ ഫ്രെയ്‌സര്‍ ആനിങ്ങിനുനേരെ മുട്ടയേറ്. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

ഒരു ഓസ്ത്രിലേയന്‍ കൗമാരക്കാരനാണ് ആനിങ്ങിനുനേരെ മുട്ടയെറിഞ്ഞത്. ആ കുട്ടിയുടെ തലയ്ക്ക് അടിച്ചുകൊണ്ടാണ് സെനറ്റര്‍ പ്രതികരിച്ചത്. കുട്ടിയെ പൊലീസ് ചവിട്ടി നിലത്തിടുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.

“മുസ്‌ലിം സാന്നിധ്യം വര്‍ധിക്കുന്നതില്‍ ഭീതിവളരുന്നുവെന്നതാണ്” പള്ളിയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഭീകരാക്രമണത്തെ ന്യായീകരിച്ചിരുന്നു.

കൂടാതെ ആക്രമണത്തെ കുടിയേറ്റവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ട്വിറ്ററിലൂടെ അദ്ദേഹം ന്യായീകരിച്ചിരുന്നു. “മുസ്‌ലിം കുടിയേറ്റവും അക്രമവുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ ഇനി ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.

അദ്ദേഹത്തിന്റെ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സെനറ്റര്‍ തീവ്രവാദം വളര്‍ത്തുകയാണെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ പരിക്കേറ്റ 39 പേര്‍ ഇപ്പോഴും ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 11 പേരെ ക്രൈസ്റ്റ്ചര്‍ച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുഞ്ഞിനെ ഓക്ലന്‍ഡിലെ സ്റ്റാര്‍ഷിപ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിങ്ങളുള്ളത്.

Also read:മൂന്ന് കോടി മുസ്‌ലീങ്ങളും നാല് കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്.