ന്യൂദല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു.
വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
അഞ്ച് തവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് തവണ ലോക്‌സഭാംഗമായിരുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു ജസ്വന്ത് സിംഗ്. കരസേനയിലെ ജോലി രാജിവെച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
1980- 2014 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റ് അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ ദേശീയ ആസൂത്രണക്കമ്മീഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെക്കുറിച്ച് 2009 ല്‍ അദ്ദേഹമെഴുതിയ പുസ്തകം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ജിന്ന; ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പുസ്തകം ഗുജറാത്തില്‍ നിരോധിച്ചിരുന്നു.
പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന ജസ്വന്ത് സിംഗിന്റെ പുസ്തകത്തെക്കുറിച്ച് 2009 സെപ്റ്റംബര്‍ ആറിന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ലേഖനം ഇവിടെ വായിക്കാം…