മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തവര്‍ രാജിവെച്ചു വീട്ടില്‍ പോകണമെന്നും കട്ജു വിമര്‍ശിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കട്ജുവിന്റെ വിമര്‍ശനം. കുട്ടികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്, എന്നിട്ട് നിങ്ങള്‍ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.
മലപ്പുറം നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച ‘വിജയതിളക്കം’ പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.