ഐ.പി.എല്‍ 2023ന് മുന്നോടിയായി മിനിലേലം ഡിസംബര്‍ 23ന് നടക്കാനിരിക്കുകയാണ്. കൊച്ചിയില്‍ വെച്ച് നടക്കുന്ന മിനി ലേലത്തെ എല്ലാ ടീമുകളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫാന്‍ ഫേവറിറ്റുകളും ഫൈനലിസ്റ്റുകളുമായ രാജസ്ഥാന്‍ റോയല്‍സ് ഏതൊക്കെ താരങ്ങളെ ടീമിലെത്തുക്കുമെന്നറിയാനാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരങ്ങളില്‍ പലരെയും നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഓവര്‍സീസ് സ്ലോട്ടുകള്‍ ബാക്കിയുള്ളത് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
13.2 കോടി രൂപയാണ് രാജസ്ഥാന്റെ പക്കലുള്ളത്. ഈ തുകയുപയോഗിച്ച് നാല് വിദേശ താരങ്ങളെയുള്‍പ്പടെ ഒമ്പത് താരങ്ങളെ രാജസ്ഥാന് ടീമിലെത്തിക്കാന്‍ സാധിക്കും.
എന്നാല്‍ മിനി ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും വമ്പന്‍ പേരുകാരെയൊന്നും ടീമിലെത്തിക്കാന്‍ സാധിക്കില്ലെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
How are we feeling, #RoyalsFamily? 😁💗 pic.twitter.com/qnspfeDYBG
— Rajasthan Royals (@rajasthanroyals) November 15, 2022
‘രാജസ്ഥാന്‍ റോയല്‍സിന് ഒമ്പത് സ്ലോട്ടുകള്‍ നികത്താനുണ്ട്. അതില്‍ തന്നെ നാല് ഓവര്‍സീസ് താരങ്ങളെയും അവര്‍ കണ്ടെത്തണം. എന്നാല്‍ അവരുടെ പക്കല്‍ ആകെയുള്ളത് 13.2 കോടി രൂപ മാത്രമാണ്.
ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ താരങ്ങളെയൊന്നും ടീമിലെത്തിക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ക്കൂടി അവര്‍ അത്രയൊന്നും വിലയില്ലാത്ത താരങ്ങളെ പെട്ടെന്ന് ടീമിലെത്തിക്കും,’ ചോപ്ര പറഞ്ഞു.
എന്നാല്‍ നിലവില്‍ ടീം സ്റ്റേബിളാണെന്നും പ്ലെയിങ് ഇലവന്‍ സജ്ജമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
‘നിരവധി താരങ്ങളെയാണ് രാജസ്ഥാന്‍ റിലീസ് ചെയ്തത്. എന്നാല്‍ അവര്‍ അത്രത്തോളം വലിയ താരങ്ങളല്ല. അവര്‍ ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സഞ്ജു സാംസണ്‍ ഇവരെയൊന്നും തൊട്ടിട്ടുപോലുമില്ല.
യൂസ്വേന്ദ്ര ചഹലും അശ്വിനും ഇപ്പോഴും ടീമിന്റെ ഭാഗം തന്നെയാണ്. സത്യസന്ധമായി കാര്യങ്ങള്‍ പറയുകയാണെങ്കില്‍ ടീം ഇപ്പോഴേ സജ്ജമാണ്. പ്ലെയിങ് ഇലവനും സജ്ജമായിരിക്കുകയാണ്. അതാകട്ടെ കഴിഞ്ഞ സീസണിലേത് തന്നെയും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
ജിമ്മി നീഷം അടക്കമുള്ള താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തിന് മുമ്പ് റിലീസ് ചെയ്ത്. ഇവരില്‍ ചിലരെങ്കിലും ടീമില്‍ തിരിച്ചെത്തുമോ അതോ പുതിയ താരങ്ങളെയാണ് സഞ്ജുവും സംഗയും ലക്ഷ്യമിടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത താരങ്ങള്‍:
അനുനയ് സിങ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, കരുണ്‍ നായര്‍, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക
Content Highlight: Former star Akash Chopra about Rajasthan Royals and mini auction