Sports News
'ഇന്നായിരുന്നെങ്കില്‍ മുരളീധരനെയും കുംബ്ലെയേയും പിള്ളേര്‍ അടിച്ച് എയറില്‍ കേറ്റിയിട്ടുണ്ടാവും, സഈദ് അജ്മലിനെ തൊടാന്‍ പോലുമാകില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 01, 11:45 am
Wednesday, 1st March 2023, 5:15 pm

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. 1990ല്‍ അരങ്ങേറ്റം കുറിച്ച താരം രണ്ട് പതിറ്റാണ്ട് കാലം വിവിധ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വിശ്വസ്തനായ കാവല്‍ മാലാഖയായിരുന്നു.

കുംബ്ലെയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയിച്ച് കയറിയ മത്സരങ്ങളും നിരവധിയാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും കുംബ്ലെയാണ്.

ഇന്ത്യക്കാര്‍ക്ക് കുംബ്ലെ എങ്ങനെയാണോ അതുപോലെയാണ് ലങ്കക്കാര്‍ക്ക് മുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തേറ്റവും കൂടുതല്‍ വിക്കറ്റുകള്‍ കരസ്ഥമാക്കിയ താരമായ മുരളീധരനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായാണ് കണക്കാക്കുന്നത്.

എന്നാല്‍ ഈ രണ്ട് ലെജന്‍ഡ്‌സും ഇന്നത്തെ കാലത്താണ് കളിക്കാനിറങ്ങിയതെങ്കില്‍ ബാറ്റര്‍മാര്‍ നിലത്ത് നിര്‍ത്തില്ലായിരുന്നെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം അബ്ദുറഹ്മാന്‍.

കുംബ്ലെയും മുരളീധരനും ലോകത്തിലെ മികച്ച ബോളര്‍മാരാണെങ്കിലും ഇന്നത്തെ കാലഘട്ടത്തിലെ ബാറ്റര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. കുംബ്ലെയുടെ ബോളിങ്ങില്‍ ടേണ്‍ കുറവായിരുന്നെന്നും പണ്ടുകാലത്തെ പിച്ചുകളില്‍ അതത്ര പ്രശ്‌നമല്ലായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

നാദിര്‍ അലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പരാമര്‍ശം.

‘നിരവധി ബോളര്‍മാര്‍ക്ക് ജന്മം നല്‍കിയ ഭൂഖണ്ഡമാണ് ഏഷ്യ. കുംബ്ലെ, മുരളീധരന്‍ ഇവരൊക്കെ മികച്ച ബോളര്‍മാരാണ്. പക്ഷെ കുബ്ലെയൊക്കെ ഇപ്പോഴാണ് ബോളിങ് ചെയ്യുന്നതെങ്കില്‍ വളരെ എളുപ്പത്തില്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ നേരിട്ടേനേ. കാരണം അദ്ദേഹത്തിന്റെ ബോളില്‍ ടേണ്‍ വളരെ കുറവായിരുന്നു. ബോളുകള്‍ പലപ്പോഴും കയ്യില്‍ നിന്ന് തെന്നിപ്പോവുന്ന സാഹചര്യമാണ് ഉണ്ടാവുക.

ആധുനിക ക്രിക്കറ്റില്‍ ബോളിന്റെ വേഗതക്കൊണ്ട് മാത്രം കാര്യമില്ല. പിള്ളേരൊക്കെ അടിച്ച് തൂക്കും. ഇനി മുരളീധരന്‍ ആയാല്‍ പോലും ഇത് തന്നെയാണ് അവസ്ഥ. മുരളീധരനൊക്കെ പണ്ടും നല്ല അടികിട്ടിയിട്ടുണ്ട്. പക്ഷെ സഈദ് അജ്മലാണെങ്കില്‍ അത്രകണ്ട് തല്ല് കിട്ടാന്‍ സാധ്യതയില്ല. അതിന് കാരണം അയാളുടെ ബോളിങ്ങിലുള്ള വെറൈറ്റിയാണ്,’ അബ്ദുറഹ്മാന്‍ പറഞ്ഞു.

കൂട്ടത്തില്‍ മഹേന്ദ്ര സിങ് ധോണിയെ പുകഴ്ത്തിയും അബ്ദുറഹ്മാന്‍ രംഗത്ത് വന്നു. ജഡേജയടക്കമുള്ള ഒരു പിടി മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ധോണിയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Former ricketer Abdurahman comment on Anil kumble and Muthayya muraleedaran