ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നെടുംതൂണായി നില്‍ക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. സൗത്ത് ആഫ്രിക്കന്‍ താരമായ എ.ബി ഡി വില്ലിയേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന 360 ഡിഗ്രി ബാറ്റിങ്ങിലൂടെ മൈതാനത്തിന്റെ ഏതൊരു കോണിലേക്കും ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍.
നിലവില്‍ ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് സൂര്യകുമാര്‍ യാദവ്. ടി-20യില്‍ ഇന്ത്യയെ തോളിലേറ്റുന്നതും സിംഹഭാഗം മത്സരങ്ങളില്‍ വിജയത്തിന് അടിസ്ഥാനമാകുന്നതും സൂര്യകുമാര്‍ തന്നെയാണ്. ഇത് ഒരേസമയം ഇന്ത്യക്ക് ഗുണവും ദോഷവും ചെയ്യുന്നുണ്ട്.
ബാറ്റിങ്ങില്‍ റണ്ണടിച്ചുകൂട്ടി സ്‌കോര്‍ ഉയര്‍ത്തുന്നത് എപ്പോഴും ടീമിന് ഗുണമായി ഭവിക്കുമ്പോള്‍ റണ്‍സ് നേടാന്‍ സൂര്യകുമാറിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് ഇതിലെ മറുവശം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ സാബ കരീമും രീതീന്ദര്‍ സിങ് സോധിയും.
സൂര്യകുമാറിനെ മാത്രം ആശ്രയിക്കുന്നത് തോല്‍വിയിലേക്ക് നയിക്കുന്നു എന്നാണ് ഇവരുടെ പക്ഷം. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായിട്ടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 21 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 100 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഇന്ത്യ മറികടന്നത്.
ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരുന്നു.
‘നമ്മുടെ ടോപ്പ് ഓര്‍ഡര്‍ പരമ്പരയില്‍ മികച്ച പ്രകടനം ഒന്നും തന്നെ ഇതുവരെ പുറത്തെടുത്തിട്ടില്ല. സൂര്യകുമാര്‍ യാദവിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഇന്ത്യക്കുണ്ട്. അതിന് വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യം തെളിഞ്ഞതുമാണ്. സൂര്യകുമാറിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ആ ശീലം ഇന്ത്യ മാറ്റിയെടുത്തേ മതിയാകൂ,’ എന്നായിരുന്നു മുന്‍ സെലക്ടര്‍ കൂടിയായിരുന്ന സാബ കരീം പറഞ്ഞത്.
ഇതേ അഭിപ്രായം തന്നെയാണ് ആര്‍.എസ്. സോധിക്കുമുള്ളത്. ‘സൂര്യകുമാര്‍ യാദവിന് ഒരു മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ എന്താണ് നമ്മുടെ അവസ്ഥ? അവന്‍ മികച്ച രീതിയില്‍ റണ്‍സ് അടിച്ചാല്‍ ഇന്ത്യക്ക് വിജയം ഉറപ്പാണ്. എന്നാല്‍ അവന്‍ റണ്‍സ് നേടിയില്ലെങ്കില്‍ നമ്മള്‍ തോല്‍ക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തില്‍ അഞ്ച് ടി-20യാണ് സൂര്യകുമാര്‍ ഇതുവരെ കളിച്ചത്. 150 സ്‌ട്രൈക്ക് റേറ്റില്‍ 243 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍നേട്ടം.
ഫെബ്രുവരി ഒന്നിനാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ഈ മത്സരത്തിലും സ്‌കൈ തന്നെയാകും ഇന്ത്യയുടെ തുറുപ്പുചീട്ട്. ഗുജറാത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാന്‍ സാധിക്കുമെന്നതിനാല്‍ മത്സരം തീ പാറുമെന്നുറപ്പാണ്.
Content Highlight: Former players Reetinder Singh Sodhi and Saba Karim about Suryakumar Yadav