ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബി.ജെ.പിയാണെന്ന രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി) മുന്‍ ചെയര്‍മാന്‍ എഷാന്‍ മാനി. ക്രിക്കറ്റ് ബോര്‍ഡില്‍ ബി.ജെ.പി കൈകടത്തുന്നുണ്ടെന്നും ഇതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ – നയതന്ത്രബന്ധങ്ങളിലുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളുടെ കായിക മേഖലയേയും ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് ഐ.സി.സി ടൂര്‍ണമെന്റുകളിലൊഴികെ ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടാത്തത്.
ശ്രീലങ്കന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യയുടേയും പാകിസ്ഥാനിലേയും ദേശീയ താരങ്ങള്‍ ഒന്നിച്ച് ഒരു ടീമില്‍ കളിച്ചിടത്തു നിന്നുമാണ് ഒരു ബൈലാറ്ററല്‍ മത്സരം പോലും കളിക്കാത്ത സ്ഥിതിയിലേക്ക് ഇരു ടീമും മാറിയത്.
‘ബി.സി.സി.ഐയില്‍ സൗരവ് ഗാംഗുലി ഉണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെക്രട്ടറി ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അമിത് ഷായുടെ മകന്‍ ജയ് ഷായാണത്. ബി.സി.സി.ഐയുടെ ട്രഷറര്‍ ബി.ജെ.പി മന്ത്രിയുടെ സഹോദരനാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ ബോര്‍ഡിനെ നിയന്ത്രിക്കുന്നത്.
ബി.ജെ.പിയാണ് ബി.സി.സി.ഐയെ നയിക്കുന്നത്. ഇതുകാരണമാണ് ഞാന്‍ അവരുമായി ഒരു ബന്ധവും വെച്ചുപുലര്‍ത്താന്‍ ആഗ്രഹിക്കാത്തത്. ഞങ്ങള്‍ ഒരിക്കലും ബി.സി.സി.ഐയെ തഴഞ്ഞിട്ടില്ല, പക്ഷേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ ഞങ്ങളുടെ ആര്‍ജവം ഞങ്ങളെ അനുവദിക്കുന്നില്ല,’ മാനി പറയുന്നു.