ഇന്ത്യയുടെ ഭാവിയെ കരുതിയെങ്കിലും രോഹിത് ശര്‍മയെ കളിപ്പിക്കരുത്: മുന്‍ സൂപ്പര്‍ താരം
Sports News
ഇന്ത്യയുടെ ഭാവിയെ കരുതിയെങ്കിലും രോഹിത് ശര്‍മയെ കളിപ്പിക്കരുത്: മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd August 2022, 8:16 pm

വെര്‍ണര്‍ പാര്‍ക്കില്‍ വെച്ച് നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി-20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായിരുന്നു. അഞ്ച് പന്തില്‍ നിന്നും 11 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു രോഹിത് പരിക്കേറ്റ് പുറത്തായത്.

രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ചും താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കണമെന്നായിരുന്നു താരം പറഞ്ഞത്.

അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സ്‌ക്വാഡില്‍ നിരവധി ആളുകളുണ്ടെന്നും ഏഷ്യാ കപ്പിലടക്കം രോഹിത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് ആവശ്യമുള്ളതിനാല്‍ തന്നെ രോഹിത്തിന് വിശ്രമം നല്‍കണമെന്നും കനേരിയ അഭിപ്രായപ്പെട്ടു.

‘രോഹിത് ആ ഷോട്ട് കളിച്ചപ്പോള്‍ തന്നെ അവന്‍ വേദന കൊണ്ട് പുളയുകയാണെന്ന് എനിക്ക് മനസിലായിരുന്നു. രോഹിത് തന്റെ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനിപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും കുഴപ്പമില്ല.

രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും ആവശ്യമുണ്ട്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ രോഹിത്തിന് പകരക്കാരനാവാന്‍ നിരവധി താരങ്ങള്‍ സ്‌ക്വാഡിനൊപ്പമുണ്ട്,’ കനേരിയ പറയുന്നു.

രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ച് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ടും പ്രതികരണവുമായെത്തിയിരുന്നു.

രോഹിത് ശര്‍മയുടെ പരിക്ക് കാരണമാണ് ഇന്ത്യന്‍ ടീമിന് ഓപ്പണിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടി വരുന്നതെന്നായിരുന്നു ബട്ടിന്റെ പക്ഷം. താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയായി തുടരുകയാണെന്നും ബട്ട് പറഞ്ഞു.

‘ഇന്ത്യയുടെ ടി-20 ലോകകപ്പിനുള്ള ഓപ്പണിങ് ലൈനപ്പിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് തുടര്‍ച്ചയായി നേരിടേണ്ടി വരുന്ന പരിക്കുകള്‍ മാനേജ്മെന്റിന്റെ മനസിലുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അവന് ഈയിടെ കൊവിഡ് ബാധിച്ചിരുന്നു. നിരവധി പരിക്കുകളും അവനുണ്ട്,’ ബട്ട് പറയുന്നു.

ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് മികച്ച രീതയില്‍ കളിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അതിന് പറ്റിയ താരങ്ങളെ ബാക്കപ്പായി ഇന്ത്യ കണ്ടുവെക്കണമെന്നും ബട്ട് പറയുന്നു.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം മത്സരം ആഗസ്റ്റ് ആറിനാണ് നടക്കുന്നത്. പരിക്കേറ്റതിനാല്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കളിക്കാനാവുമോ എന്ന് ഉറപ്പില്ല.

സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന നാലാം ടി-20 മത്സരത്തില്‍ വിജയിക്കാനായാല്‍ ഏകദിന പരമ്പരയ്ക്ക് ശേഷം ടി-20 പരമ്പരയും ഇന്ത്യയ്ക്ക് നേടാനാവും.

 

 

Content Highlight: Former Pakistan spinner Danish Kaneria about Rohist Sharma’s health and fitness