റൂട്ടും സ്മിത്തുമല്ല, നിലവിൽ ഏറ്റവും മികച്ച ടെക്നിക്കോടെ കളിക്കുന്നത് അവനാണ്: മുൻ പാക് താരം 
Cricket
റൂട്ടും സ്മിത്തുമല്ല, നിലവിൽ ഏറ്റവും മികച്ച ടെക്നിക്കോടെ കളിക്കുന്നത് അവനാണ്: മുൻ പാക് താരം 
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 1:16 pm

പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസമിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ പാക് താരം മുഹമ്മദ് സാഹിദ്. നിലവില്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടെക്‌നിക്കോടെ കളിക്കുന്ന താരമാണ് ബാബര്‍ എന്നാണ് മുഹമ്മദ് ഷാഹിദ് പറഞ്ഞത്.

‘ബാബര്‍ അസം ഏറ്റവും മികച്ച ടെക്‌നിക്കോടെ കളിക്കുന്ന താരമാണ്. എല്ലാ ബാറ്റര്‍മാര്‍ക്കും മികച്ച ടെക്‌നിക്കൊടെ കളിക്കാന്‍ കഴിയും. എന്നാല്‍ പ്രകടനത്തിന്റെയും ബാറ്റിങ്ങിലെ അറിവുകളുടെയും കാര്യത്തില്‍ സ്റ്റീവ് സ്മിത്തും ജോ റൂട്ടും വളരെ മികച്ചവരാണ്. ബാബറിന്റെ കഴിവ് അവര്‍ക്കില്ല, പക്ഷേ മത്സരത്തെ കുറിച്ചുള്ള അവബോധത്തിന്റെ കാര്യത്തില്‍ അവര്‍ മിടുക്കരാണ്. ഇതിന്റെ കാര്യത്തില്‍ ഞാന്‍ സ്മിത്തിന് ഒന്നാം സ്ഥാനവും റൂട്ടിന് രണ്ടാം സ്ഥാനവും ബാബറിന് മൂന്ന് സ്ഥാനവും നല്‍കും,’ മുന്‍ പാക് താരം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ബാബര്‍. ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി 117 മത്സരങ്ങളില്‍ 114 ഇന്നിങ്‌സുകളില്‍ നിന്നും 5729 റണ്‍സാണ് നേടിയത്. 19 സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ടി-20യില്‍ 116 ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4145 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ 94 ഇന്നിങ്‌സുകളില്‍ പാകിസ്ഥാന് വേണ്ടി പ്രതിനിധീകരിച്ച താരം 3898 റണ്‍സും നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളുമാണ് താരം അടിച്ചെടുത്തത്.

എന്നാല്‍ അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ബാബറിന് സാധിച്ചിരുന്നില്ല. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും തന്നെ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ടതായിരുന്നു ബാബറിനും സംഘത്തിനും തിരിച്ചടിയായത്.

 

Content Highlight: Former Pakistan Player Praises Babar Azam