Sports News
ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, പാകിസ്ഥാന്‍ തന്നെയാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ശത്രു; തുറന്നടിച്ച് മുന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 12, 02:01 pm
Wednesday, 12th March 2025, 7:31 pm

 

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ പുറത്തായത്.

ഗ്രൂപ്പ്ര് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ട പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്ഥാന്റെ അവസാന മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ടീമിന്റെ മോശം പ്രകടനത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ പാകിസ്ഥാന്‍ തന്നെയാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ശത്രുവെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ പാക് പരിശീലകന്‍ മിക്കി ആര്‍തര്‍. ടോക്‌സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍തര്‍.

‘എനിക്ക് ഈ വാക്കുകള്‍ ഇഷ്ടമാണ്. ഇക്കാര്യം സത്യസന്ധമായി പറയട്ടെ. ജേസണ്‍ ഗില്ലെസ്പി (മുന്‍ പാക് പരിശീലകന്‍) വളരെ മികച്ച പരിശീലകനാണ്, മികച്ച മനുഷ്യനാണ്. എന്നാല്‍ പാകിസ്ഥാന്‍ സ്വന്തം കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ തന്നെയാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ശത്രു,’ ആര്‍തര്‍ പറഞ്ഞു.

‘ടീമിനൊപ്പം വളരെ മികച്ച താരങ്ങളുണ്ട്, മികച്ച റിസോഴ്‌സുകളും അവര്‍ക്കുണ്ട്. മികച്ച കഴിവുകളുള്ള യുവതാരങ്ങളും നിലവില്‍ ടീമിലുണ്ട്. എന്നിട്ടും കാര്യങ്ങളൊന്നും നേരെയല്ല. ഇതെല്ലാം കാണുമ്പോള്‍ വലിയ നിരാശുണ്ടാകുന്നു.

അവര്‍ കേഴ്‌സ്റ്റണെയും (ഗാരി കേഴ്‌സ്റ്റണ്‍) ഗില്ലെസ്പിയെയും കൊണ്ടുവന്നപ്പോള്‍ അവര്‍ ശരിയായ ദിശിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അവര്‍ മികച്ച താരങ്ങളെയും കൊണ്ടുവന്നു. എന്നാല്‍ ഒടുവില്‍ എല്ലാം കുഴഞ്ഞുമറിഞ്ഞു.

ടീമിനെ മുന്നോട്ട് നയിക്കാന്‍ പോന്ന പരിശീലകരെയും അവര്‍ കൊണ്ടുവന്നു. എന്നാല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രം അവരെ ദുര്‍ബലപ്പെടുത്തി. മാധ്യമങ്ങളുടെ അജണ്ടകളാണ് ഇതിന് കാരണവും,’ ആര്‍തര്‍ പറഞ്ഞു.

പാകിസ്ഥാന്റെ മോശം പ്രകടനതതെ കുറിച്ച് മുന്‍ പാക് താരവും ഇടക്കാല പരിശീലകനുമായ ആഖിബ് ജാവേദും സംസാരിച്ചിരുന്നു.

‘കഴിഞ്ഞ 16 വര്‍ഷത്തിനിടെ 16 പരിശീലകരെയും 26 ചീഫ് സെലക്ടര്‍മാരെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. ലോകത്തിലെ ഏത് ടീമിലും ഈ ഫോര്‍മുല പരീക്ഷിച്ചാലും, അവര്‍ക്കും ഇതേ അവസ്ഥ തന്നെയായിരിക്കും,’ അദ്ദേഹം പറഞ്ഞു.

‘ചെയര്‍മാന്‍ മുതല്‍ താഴെ വരെ, ടീമിന്റെ ആദ്യാവസാനം സ്ഥിരതയുണ്ടായില്ലെങ്കില്‍ പാകിസ്ഥാന് ഒരിക്കലും മെച്ചപ്പെടാന്‍ സാധിക്കില്ല,’ ആഖിബ് ജാവേദ് വ്യക്തമാക്കി.

 

Content highlight: Former Pakistan coach Mickey Arthur says Pakistan Cricket Is Its Worst Enemy