ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റാര്‍ക്കുമില്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യയ്ക്ക്; ബി.സി.സി.ഐയെ തിരിച്ചടിച്ച് റാഷിദ് ലത്തീഫ്
Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റാര്‍ക്കുമില്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യയ്ക്ക്; ബി.സി.സി.ഐയെ തിരിച്ചടിച്ച് റാഷിദ് ലത്തീഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th November 2024, 9:19 pm

2025 ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് സഞ്ചരിക്കില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരങ്ങള്‍ കളിക്കാത്തത്.

തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഈ സമീപനത്തിനെതിരെ സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം റാഷിദ് ലത്തീഫ്.

ജിയോ ന്യൂസുമായുള്ള ആശയവിനിമയത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് റാഷിദ് ലത്തീഫ് വിമര്‍ശനം ഉന്നയിച്ചത്.

ചാമ്പ്യന്‍സ് ട്രോഫി ഒരു ഐ.സി.സി പരിപാടിയാണെന്നും അത് വളരെക്കാലം മുമ്പ് പ്രഖ്യാപിച്ചതാണെന്നും എല്ലാ ടീമും പാകിസ്ഥാനിലെത്തുമ്പോള്‍ ഇന്ത്യ മാത്രം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ലത്തീഫ് പറഞ്ഞു.

‘ഇതൊരു ഐ.സി.സി ടൂര്‍ണമെന്റാണ്, വളരെക്കാലം മുമ്പ് ഇത് പ്രഖ്യാപിച്ചതാണ്. 2025 ചാമ്പ്യന്‍സ് ട്രോഫിയിലോ ലോകകപ്പിലോ മത്സരിക്കുന്ന ടീമുകളെ ബ്രോഡ്കാസ്റ്ററും സ്‌പോണ്‍സര്‍മാരും നേരത്തെ ഒപ്പുവച്ചതാണ്,

പങ്കാളിത്തം വേണ്ടെന്ന് പറയുന്ന ഒരു ടീമിന് അവരുടെ നിലപാടിനെ പിന്തുണയ്ക്കാന്‍ ശക്തമായ കാരണമുണ്ടായിരിക്കണം. 1996 ലോകകപ്പില്‍ ഓസ്ട്രേലിയ ശ്രീലങ്ക സന്ദര്‍ശിച്ചില്ലെങ്കിലും ഫൈനലില്‍ കളിച്ചു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവ പാകിസ്ഥാനിലേക്ക് വരുന്നുണ്ട്, പിന്നെ സുരക്ഷ ശക്തമാണ്, അതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിനാണ്,’ ലത്തീഫ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി 2025

ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

 

പങ്കെടുക്കുന്ന ടീമുകള്‍

ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്

 

ഗ്രൂപ്പുകള്‍

 

ഗ്രൂപ്പ് എ

ബംഗ്ലാദേശ്

ഇന്ത്യ

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ഓസ്ട്രേലിയ

ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്ക

 

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് രണ്ട് വരെ

 

നോക്ക് ഔട്ട് മത്സരങ്ങള്‍

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

 

Content highlight: Former Pakistan Captain Rashid Latif Criticize B.C.C.I