ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ടി-20യില്‍ ഇന്ത്യയുടെ താരം സൂര്യകുമാര്‍ യാദവായിരുന്നു. 44 പന്തില്‍ നിന്നും 76 റണ്ണടിച്ചാണ് സ്‌കൈ കൊടുങ്കാറ്റായത്.
താരത്തിന്റെ പ്രകടനത്തിന് പിന്നാലെ പല കോണുകളില്‍ നിന്നും സൂര്യകുമാര്‍ യാദവിന് പ്രശംസകളെത്തിയിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസാണ് സൂര്യകുമാറിനെ പുകഴ്ത്തി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണെന്നായിരുന്നു സ്‌റ്റൈറിസിന്റെ അഭിപ്രായം. ഏത് പൊസിഷനില്‍ കളിക്കാന്‍ ആവശ്യപ്പെട്ടാലും താരത്തിന് കളിക്കാന്‍ സാധിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
സ്‌പോര്‍ട്‌സ് 18ന്റെ ടോക് ഷോയായ സ്‌പോര്‍ട്‌സ് ഓവര്‍ ദി ടോപ്പിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘അവന്‍ ഇന്ത്യയുടെ ഓപ്പണറായി കളിക്കുന്നത് കണ്ട് ഞാന്‍ ഒട്ടും തന്നെ അത്ഭുതപ്പെട്ടിട്ടില്ല. കാരണം എവിടെ കളിക്കാന്‍ ആവശ്യപ്പെട്ടാലും ഒരു നല്ല കളിക്കാരന് അത് കളിക്കാന്‍ സാധിക്കും.
ഫണ്ണി ഏരിയകളിലേക്കടിച്ചാണ് അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. അവന്റെ ഈ ഹിറ്റിങ് രീതി ഒപ്പോസിഷന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഫീല്‍ഡ് പ്ലേസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അവന്‍ 360 പ്ലെയറാണ്,’ സ്റ്റൈറിസ് പറയുന്നു.
കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും താരം നേട്ടമുണ്ടാക്കിയിരുന്നു. അഞ്ചാം സ്ഥനത്ത് നിന്നും മൂന്ന് റാങ്ക് മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കായിരുന്നു സ്‌കൈ പറന്നിറങ്ങിയത്.
ഒന്നാമതുള്ള പാക് നായകന്‍ ബാബര്‍ അസമിനേക്കാള്‍ രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് സൂര്യക്കുള്ളത്. 818 പോയിന്റാണ് ബാബറിനുള്ളതെങ്കില്‍ 816 പോയിന്റുമായാണ് സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തുള്ളത്.
വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത് 2-1നാണ് ലീഡ് ചെയ്യുന്നത്.