IPL
ഇവരാണ് പ്ലേ ഓഫില്‍ കടക്കുക, അത് സഞ്ജുവിന്റെ രാജസ്ഥാനും മറ്റു മൂന്ന് ടീമുമാണ്; പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരെ ഒഴിവാക്കി ഡാനിയല്‍ വെറ്റോറി, അഞ്ചാമതുള്ള ടീമും പ്ലേ ഓഫിന്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 26, 04:26 am
Tuesday, 26th April 2022, 9:56 am

ഐ.പി.എല്ലിന്റെ ആവേശം കൊടുമ്പിരികൊള്ളുകയാണ്. മുന്നോട്ടുള്ള എല്ലാ മത്സരങ്ങളിലും ഒന്നൊഴിയാതെ ജയിച്ച് പ്ലേ ഓഫില്‍ കടക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ടീമുകളും മുന്നോട്ട് കുതിക്കുന്നത്.

ഇപ്പോഴിതാ ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ടീമുകളെ കുറിച്ച് പറയുകയാണ് ന്യൂ സിലാന്‍ഡ് ഇതിഹാസം ഡാനിയല്‍ വെറ്റോറി. ഇ.എസ്.പി.എല്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

രാജസ്ഥാനും ടൂര്‍ണമെന്റിലെ പുതിയ രണ്ട് ടീമും ആര്‍.സി.ബിയുമാണ് പ്ലേ ഓഫില്‍ കടക്കുകയെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.

‘രാജസ്ഥാനും പുതിയ രണ്ട് ഫ്രാഞ്ചൈസികളും ആര്‍.സി.ബിയുമാണ് പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത. അവര്‍ മികച്ച രീതിയിലാണ് കളിക്കുന്നത്, പ്ലേ ഓഫില്‍ കടക്കാനുള്ള പൊസിഷനില്‍ തന്നെയാണ് അവര്‍ ഇപ്പോഴുമുള്ളത്.

അവരുടെ ടീമിലെ ബാലന്‍സ് തന്നെയാണ് അവരെ പ്ലേ ഓഫിലെത്തിക്കുക,’ ഡാനിയല്‍ വെറ്റോറി വിലയിരുത്തുന്നത്.

ഇത്തവണത്തെ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഏഴ് കളിയില്‍ നിന്നും ആറ് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റുമായാണ് പോയിന്റ് പട്ടികയില്‍ ഗുജറാത്ത് തങ്ങളുടെ അപ്രമാദിത്യം തുടരുന്നത്.

പോയിന്റ് ടേബിളില്‍ മൂന്നാമതുള്ള രാജസ്ഥാന്‍ റോയല്‍സിനാണ് താരം അടുത്ത സാധ്യത കല്‍പിക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമയി 10 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുന്നത്.

പോയിന്റ് പട്ടികയില്‍ നാലാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുംഅഞ്ചാമതുള്ള റോയള്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് വെറ്റോറിയുടെ കണക്കൂകൂട്ടല്‍.

 

 

എന്നാല്‍ പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള സണ്‍റൈസേഴ്‌സിനെ വെറ്റോറി പരിഗണിച്ചില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്ത് കാരണത്താലാണ് ഓറഞ്ച് ആര്‍മിയെ താരം പരിഗണിക്കാത്തതെന്നതും വ്യക്തമല്ല.

നിലവില്‍ ചാമ്പ്യന്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരുടെ പ്ലേ ഓഫ് മോഹങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. കഴിഞ്ഞ ദിവസം പഞ്ചാബിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് ചെന്നൈയുടെ കാര്യത്തിലും തീരുമാനമായത്.

Content Highlight: Former New Zealand star Daniel Vettori’s  IPL 2022 Play Off Prediction