ടി-20 ലോകകപ്പിന് മുമ്പ് പ്രസ്താവനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ. ലോകകപ്പില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ രോഹിത് ഇന്ത്യയുടെ ക്യാപ്റ്റന്‍ മെറ്റീരിയല്‍ അല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ടി-20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ടീമിന് തിരിച്ചടിയായേക്കാം. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള മികച്ച ചോയ്‌സ് ഒരിക്കലും രോഹിത് ശര്‍മയല്ല,’ അദ്ദേഹം പറഞ്ഞു.
നിലവിലെ രോഹിത്തിന്റെ ഫോമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘രോഹിത് ശര്‍മയോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, അദ്ദേഹം ഒരു മികച്ച ക്രിക്കറ്ററാണെന്ന് എന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. പക്ഷേ ഇപ്പോള്‍ മികച്ച രിതിയിലല്ല അദ്ദേഹം ബാറ്റ് വീശുന്നത്.
വിരാട് കോഹ്ലി, യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇപ്പോള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഓപ്പണറുടെ റോളിലേക്ക് ഇവര്‍ അനുയോജ്യരാണ്.
എന്നിരുന്നാലും, ശര്‍മ ക്യാപ്റ്റന്‍ ആയതിനാല്‍, അദ്ദേഹം തന്നെയാകും ഓപ്പണ്‍ ചെയ്യുക, അതായത് ഫോമിലുള്ള കളിക്കാരില്‍ ഒരാള്‍ ബാറ്റിങ് ഓര്‍ഡറില്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത്തിന് പകരം ജസ്പ്രീത് ബുംറയായിരിക്കണം ക്യാപ്റ്റനെന്നും അദ്ദേഹം പറഞ്ഞു.
‘
രോഹിത് ശര്‍മക്ക് പകരം ജസ്പ്രീത് ബുംറയെയാണ് ഞാന്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കുക, കാരണം ബൗളര്‍ എന്ന നിലയില്‍ ബുംറയുടെ കഴിവ് അദ്ദേഹത്തെ ടീമിലെ ഒരു സുപ്രധാന അംഗമാക്കുന്നു,’ ഭട്ടാചാര്യ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് എതിരാളികള്‍.