ഭരണഘടനാ സംരക്ഷകരെന്ന നിലയില്‍ ഇടപെടണം; യു.പിയില്‍ നിയമവാഴ്ച അട്ടിമറിക്കുന്ന നടപടിയില്‍ സുപ്രീം കോടതിക്ക് കത്തയച്ച് മുന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും
national news
ഭരണഘടനാ സംരക്ഷകരെന്ന നിലയില്‍ ഇടപെടണം; യു.പിയില്‍ നിയമവാഴ്ച അട്ടിമറിക്കുന്ന നടപടിയില്‍ സുപ്രീം കോടതിക്ക് കത്തയച്ച് മുന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 7:51 pm

ലഖ്നൗ: പ്രവാചക നിന്ദയുടെ പ്രതിഷേധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും.

12 പേര്‍ ഒപ്പിട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്കെഴുതിയ കത്തില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചെന്ന പേരില്‍ നടക്കുന്ന വ്യാപക അറസ്റ്റിലും മുസ്‌ലിം വീടുകള്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയിയിലും കോടതി സ്വമേധയാ ഇടപെടണമെന്നാണ് ആവശ്യം.

മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എ.കെ. ഗാംഗുലി, വി. ഗോപാല ഗൗഡ, ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍പേഴ്സണുമായ ജസ്റ്റിസ് എ.പി. ഷാഹ്, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു, കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മുഹമ്മദ് അന്‍വര്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, ഇന്ദിര ജെയ്സിങ്, ചന്ദര്‍ ഉദയ് സിങ്, ആനന്ദ് ഗ്രോവര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ സംയുക്തമായാണ് കത്തയച്ചിരിക്കുന്നത്.

നിയമവാഴ്ചയുടെ അട്ടിമറിയും പൗരാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഇത്തരം ഭരണകൂട വേട്ടകളെന്ന് കത്തില്‍ പറയുന്നു.

സമീപകാലത്തടക്കം നിരവധി തവണ നീതിന്യായ വ്യവസ്ഥ ഇത്തരം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. പൗരാവകാശങ്ങളുടെ സംരക്ഷകരായി കോടതി മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. ഇതേ വീര്യത്തോടെ സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും കോടതി സാഹചര്യത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറഞ്ഞു.

‘ഇങ്ങനെയുള്ള നിര്‍ണായക ഘട്ടങ്ങളിലാണ് നീതിന്യായ വ്യവസ്ഥയുടെ ആര്‍ജവം പരീക്ഷിക്കപ്പെടുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് 300ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള യുവാക്കളെ ലാത്തികൊണ്ട് അടിക്കുന്നതിന്റെയും, കാരണമോ നോട്ടീസോ കാണിക്കാതെ പ്രതിഷേധക്കാരുടെ വീടുകള്‍ തകര്‍ക്കുന്നതിന്റെയും പ്രതിഷേധക്കാരെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് രാജ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഭരണഘടനാ സംരക്ഷകരെന്ന നലയില്‍ വിഷയത്തില്‍ കോടതി ഇടപെടണം. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കം കോടതി സ്വമേധയാ നടപടിയെടുക്കണം,’ കത്തില്‍ കൂട്ടിച്ചേര്‍ത്തു.