കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയില്‍ പരിഹാസവുമായി മുന്‍ ജഡ്ജ് എസ്. സുദീപ്.
രാജിവെച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി അവിടെയൊരു വക്കീലാഫീസ് തുടങ്ങാതിരുന്ന താനെന്തൊരു ശുംഭനാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജിവെച്ച ശേഷം നേരെ ദിലീപിന്റെ വീട്ടിലെത്തി അവിടൊരു ഡിസൈനര്‍-എക്‌സ്‌ക്ലുസിവ് വക്കീലാഫീസു തുടങ്ങാതിരുന്ന ഞാനെന്തൊരു ശുംഭനാണ്!,’ എന്നാണ് അദ്ദേഹം എഴുതിയത്.
അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.
ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അതിനുള്ള തെളിവുകള്‍ നിലവിലില്ലെന്നും ഹൈക്കോടതി പറഞ്ഞു. കോടതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വിധിപ്രസ്താവത്തില്‍ പ്രതികരിച്ചു.
പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.
ആവശ്യപ്പെട്ട ഫോണുകള്‍ പ്രതി തന്നെ ഹാജരാക്കിയിട്ടുണ്ട്. ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.