Kerala News
ആരിഫ് ഖാന് യഥാര്‍ത്ഥ പ്രതിപക്ഷം താനാണെന്ന് തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചുണയുണ്ടോ? എസ്. സുദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 21, 10:30 am
Sunday, 21st August 2022, 4:00 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ്. സുദീപ്. യഥാര്‍ത്ഥ പ്രതിപക്ഷം താനാണെന്ന് ആരിഫ് മുഹമ്മദ് ഖാന് തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ചുണയുണ്ടോ എന്നും സുദീപ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുദീപിന്റെ പ്രതികരണം.

‘തന്റെ കഷണ്ടിത്തലയുടെ ഫോട്ടോ എടുക്കാന്‍ ഒരുത്തനെ സ്ഥിരമായി നിയമിച്ചത് ആരിഫ് ഖാനാണ്.
സംഘപരിവാറുകാരനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതും അയാള്‍ തന്നെ.
നമ്മുടെ പണമെടുത്താണ് അയാള്‍ ഇതൊക്കെ ചെയ്യുന്നത്.
കടമ്മനിട്ട ചാക്കാലയില്‍ പറയുന്നതുപോലെ പിന്നെയും പലതും ചെയ്തു അയാള്‍.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശാലയെക്കൊണ്ട് ഡി ലിറ്റ് നല്‍കാന്‍ ശ്രമിച്ചുനോക്കി പരാജയപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അയാള്‍ ആദ്യം വിസമ്മതിച്ചു.
വിവാദങ്ങള്‍ക്കൊടുവില്‍ സഭ വിളിച്ചുകൂട്ടാന്‍ തയ്യാറായി. സഭ പ്രമേയം പാസാക്കിയത് ഐകകണ്‌ഠ്യേനയാണ്. ബി.ജെ.പി അംഗമായ ഒ. രാജഗോപാല്‍ പോലും എതിര്‍ത്തില്ലെന്നോര്‍ക്കണം.

പിന്നീട് കര്‍ഷക സമരത്തിന് മുമ്പില്‍ മോദിക്ക് കീഴടങ്ങേണ്ടിവന്നതും കര്‍ഷക നിയമങ്ങള്‍ അപ്പാടെ പിന്‍വലിക്കേണ്ടി വന്നതും ചരിത്രം.
അതിനു മുമ്പ് കേരളാ നിയമസഭ നിയമസഭ പാസാക്കിയ പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തു നോക്കി അയാള്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നേരവും അയാള്‍ ഇടങ്കോലിട്ടു നോക്കി. കോടതിയെ സമീപിക്കാന്‍ അയാളുടെ അനുമതി വേണമെന്ന വിവരക്കേട് പറഞ്ഞു നോക്കി. അതു വിലപ്പോയില്ല.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ കുറേ വിവാദമുണ്ടാക്കി നോക്കിയതാണ്.
നിയമനം ശരിയാണെന്നു കോടതി കണ്ടു,’ സുദീപ് പറഞ്ഞു.

പ്രിയവര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നു കണ്ണൂര്‍ വി.സി പറഞ്ഞതോടെ ആരിഫ് ഖാന്റെ ശേഷിക്കുന്ന സമനില കൂടി നഷ്ടമായിരിക്കുകയാണ്. ചാന്‍സലര്‍ രാജാവൊന്നുമല്ല. ഇവിടെ രാജഭരണവുമല്ല. ചോദ്യം ചെയ്യാന്‍ വി.സിക്ക് അവകാശമുണ്ടെന്നും സുദീപ് പറഞ്ഞു.

‘ഏത് സര്‍വീസ് മാറ്ററിലും കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരെ കോടതിയില്‍ ചോദ്യം ചെയ്യാം.
ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഭരണപരമായ തീരുമാനങ്ങളെ കോടതിയില്‍ ഹരജി നല്‍കി ചോദ്യം ചെയ്യാന്‍ ഒരു മജിസ്‌ട്രേറ്റിന് അവകാശമുണ്ട്. ഡി.ജി.പിക്കെതിരെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോടതിയില്‍ സര്‍വീസ് സംബന്ധമായി ചോദ്യം ചെയ്യാം.
പിന്നെയാണോ ഒരു ചാന്‍സലറെ ചോദ്യം ചെയ്യാന്‍ പറ്റാത്തത്!
ഞാനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണ്.

അതിനിവിടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ട്.
പിന്‍വാതില്‍ വഴിയും ഓടു പൊളിച്ചും അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരങ്ങിയും കവടിയാറിലെത്തിയവരല്ല ഭരണം നടത്തേണ്ടത്.
ഉപരാഷ്ട്രപതി പദം കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ഖാന്. വാര്‍ധക്യത്തിന്റെ മതിഭ്രമങ്ങളാണ്.
താനാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ഖാന് തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കണം. ചുണയുണ്ടോ, മിസ്റ്റര്‍ ഖാന്‍?,’ സുദീപ് കൂട്ടിച്ചേര്‍ത്തു.