ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്. ഇതിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ജനുവരി മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം.
ഇന്ത്യയുടെ ടി-20 സ്‌ക്വാഡില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറുടെ റോളിലല്ല താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിന് എക്കാലവും വിശ്വസിക്കാന്‍ സാധിക്കുന്ന ഒരു ഫീല്‍ഡറാണ് താനെന്ന് സഞ്ജു ഇതിനോടകം തന്നെ തെളിയിച്ചതാണ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു കളിക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ തന്റെ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. നാലാം നമ്പറായാണ് താരം സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ – ശ്രീലങ്ക ആദ്യ ടി-20ക്കുള്ള വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍:
ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്
സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് വസീം ജാഫര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
‘ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനും എതിരെ നടക്കുന്ന ഏകദിന-ടി-20 സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. നീണ്ടുനില്‍ക്കുന്ന സ്ഥിരമായ അവസരങ്ങള്‍ അവന് ലഭിക്കണമെന്നും ആഗ്രഹിക്കുന്നു,’ എന്നായിരുന്നു വസീം ജാഫര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനും ക്രിക്കറ്റ് ഇതിഹാസവുമായ കുമാര്‍ സംഗക്കാരയും സഞ്ജുവിനെ നാലാം നമ്പറില്‍ തന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
‘ടി-20 ക്രിക്കറ്റില്‍ നാലാം നമ്പറിലാണ് അവന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുക. നാലാം നമ്പറിലാണ് അവന്‍ കളിക്കുന്നതെങ്കില്‍ ഏഴ് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയായതിന് ശേഷമാണ് അവന്‍ കളത്തിലിറങ്ങുക,’ സംഗ പറയുന്നു.
‘അവന് ഏത് പൊസിഷനിലും അനായാസം ബാറ്റ് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിലെത്തിയാല്‍ അവന്‍ പൊസിഷന്‍ മാറി ബാറ്റ് ചെയ്യേണ്ടതായി വരുമെന്നാണ് എനിക്ക് തോന്നുന്നത്.
മികച്ച ബാറ്റിങ് പവറും ടച്ചും ഒപ്പം മികച്ച ക്രിക്കറ്റ് ബ്രെയിനും സഞ്ജുവിനുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണമെന്ന് അവന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് അവനെ എവിടെ വേണമെങ്കിലും സ്ലോട്ട് ചെയ്യാം, അവന്‍ എവിടെയും ബാറ്റ് ചെയ്യും,’ സംഗക്കാര കൂട്ടിച്ചേര്‍ത്തു.
മുംബൈ വാംഖഡെയില്‍ വെച്ച് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ജനുവരി അഞ്ചിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.
ഇതിന് ശേഷം ജനുവരി പത്തിനാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്.