ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ടി-20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ത്ഥിവ് പട്ടേല്‍.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമാണ് പട്ടേല്‍ ഇക്കാര്യം പറയുന്നത്.
ആദ്യ ടി-20യില്‍ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ഞെട്ടിച്ചിരുന്നു. യുവതാരം രവി ബിഷ്‌ണോയിയും രവീന്ദ്ര ജഡേജയുമായിരുന്നു മറ്റ് രണ്ട് സ്പിന്നര്‍മാര്‍.
കഴിഞ്ഞ മത്സരത്തില്‍ രവി ബിഷ്‌ണോയ് അശ്വിനേക്കാള്‍ മികച്ചു നിന്നെന്നും ലോകകപ്പ് കളിക്കാന്‍ അശ്വിനേക്കാള്‍ സാധ്യത ബിഷ്‌ണോയിക്കാണെന്നും അദ്ദേഹം പറയുന്നു.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.
‘രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി അടുത്ത മത്സരം കളിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ബിഷ്‌ണോയ് അശ്വിനെക്കാള്‍ മുമ്പ് തെരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു. സത്യം പറഞ്ഞാല്‍ അശ്വിന്‍ ടി-20 ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എന്നിവരാവും പരിഗണിക്കപ്പെടുക. ഈ റിസ്റ്റ് സ്പിന്നര്‍മാര്‍ ഒരു അറ്റാക്കിങ് ഓപ്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ അശ്വിന് അത് നല്‍കാന്‍ സാധിക്കുന്നില്ല,’ പട്ടേല്‍ പറയുന്നു.
യൂസ്വേന്ദ്ര ചഹലിന് വിശ്രമം നല്‍കിയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ടി-20 പരമ്പര കളിക്കുന്നത്. പരിക്കേറ്റ കുല്‍ദീപ് യാദവ് ടീമിനൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് അശ്വിന്റെ പ്രസക്തി ചോദ്യചിഹ്നമാവുന്നത്.
വിന്‍ഡീസിനെതിരെ നടന്ന ആദ്യ ടി-20യില്‍ അശ്വിന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. നാല് ഓവര്‍ എറിഞ്ഞ് 22 റണ്‍സ് വഴങ്ങിയ രണ്ട് വിക്കറ്റാണ് അശ്വിന്‍ നേടിയത്.
5.50 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരിലെ മികച്ച എക്കോണമിയാണിത്.
ബൗളിങ്ങിന് പുറമെ അശ്വിന്‍ ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ദിനേഷ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന് അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ അശ്വിന്‍ നിര്‍ണായകമായിരുന്നു. 10 പന്തില്‍ നിന്നും 13 റണ്‍സാണ് താരം സ്വന്തമാക്കിയത്.