ബുംറക്ക് പകരക്കാരനാവാന്‍ അവന് എന്ത് യോഗ്യതയാണുള്ളത്? അവന്‍ വെറും ചെണ്ട; ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ താരം
Sports News
ബുംറക്ക് പകരക്കാരനാവാന്‍ അവന് എന്ത് യോഗ്യതയാണുള്ളത്? അവന്‍ വെറും ചെണ്ട; ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 4:20 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരക്കാരനായി സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ പരിഗണിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ താരത്തിന്റെ പ്രകടനം കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഹമ്മദ് സിറാജിന് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമില്ലെന്നാണ് ചോപ്ര പറയുന്നത്. ബുംറയുടെ പൊട്ടെന്‍ഷ്യല്‍ റീപ്ലേസ്‌മെന്റ് ആകാന്‍ സിറാജിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവന്‍ ഒരിക്കലും ഐ.സി.സി. ടി-20 ലോകകപ്പ് കളിക്കാന്‍ പ്രാപ്തനായിട്ടില്ല. കഴിഞ്ഞ ദിവസം അവസാനിച്ച പ്രോട്ടീസിനെതാരയ ഏകദിന പരമ്പരയിലെ പ്രകടനം കണക്കാക്കി അവന്‍ ലോകകപ്പിന് തയ്യാറാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.

ഐ.പി.എല്ലില്‍ അവന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സിറാജിനാവുന്നില്ല,’ ചോപ്ര പറഞ്ഞു.

‘ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്തപ്പോഴെല്ലാം തന്നെ അവന്‍ നന്നായി പന്തെറിഞ്ഞിരുന്നു. വരണ്ട പിച്ചിലും അവന്‍ നന്നായി പന്തെറിയുന്നു. എന്നാല്‍ ലോകകപ്പില്‍, ഓസ്‌ട്രേലിയയില്‍ ആ സാഹചര്യം ലഭിക്കാന്‍ പോകുന്നില്ല,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത് സിറാജിനെയായിരുന്നു.

മൂന്ന് മത്സരത്തില്‍ നിന്നുമായി 23 ഓവര്‍ പന്തെറിഞ്ഞ്, അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 4.52 എക്കോണമിയില്‍ 104 റണ്‍സാണ് താരം വഴങ്ങിയത്.

എന്നാല്‍ ടി-20യില്‍ താരത്തിന്റെ പ്രകടനം അത്രകണ്ട് പ്രതീക്ഷ നല്‍കുന്ന ഒന്നല്ല. താരം കളിച്ച അവസാന ആറ് ടി-20യില്‍ നിന്നും 10.54 എന്ന എക്കോണമിയില്‍ അഞ്ച് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്.

2022 ഐ.പി.എല്ലും താരത്തെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. 10.08 എക്കോണമിയില്‍ റണ്‍സ് വഴങ്ങിയ താരത്തിന് ഒമ്പത് വിക്കറ്റ് മാത്രമായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്.

 

Content Highlight: Former Indian star Akash Cohpra says Mohammed Siraj doesn’t deserve to replace Jasprit Bumrah in ICC T20 World Cup