ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി നേതാവ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍
national news
ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി നേതാവ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2024, 3:35 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി നേതാവ് മുകേഷ് ബോറയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് 36കാരിയെയും മകളെയും നേതാവ് പീഡിപ്പിക്കുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്നാഴ്ചയിലേറെയായി നേതാവ് ഒളിവില്‍ കഴിയുകയായിരുന്നു. പിന്നാലെയാണ് ബോറയെ ഉത്തര്‍പ്രദേശില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

36 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗത്തിനിരയാക്കുകയും പിന്നാലെ മകളെ പീഡിപ്പിക്കുകയും ചെയ്ത മുകേഷ് ബോറെയെ അറസ്റ്റ് ചെയ്യാന്‍ ഏഴ് സംഘങ്ങളെ രൂപീകരിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പിന്നാലെ മൂന്നാഴ്ചകള്‍ക്ക് ശേഷം ബോറയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡനപരാതി ലഭിച്ചതിന് ശേഷം ഉത്തരാഖണ്ഡ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് ഇയാളെ നീക്കിയതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുകേഷ് ബോറ തന്നെ നിരന്തരം ബലാത്സംഗം ചെയ്തതായി യുവതി പറഞ്ഞു. പിന്നാലെ ബോറയുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും വിസമ്മതിച്ചപ്പോള്‍ ബോറയുടെ ഡ്രൈവര്‍ ബെല്‍വാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാതായും യുവതി പറഞ്ഞു.

ബോറയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് നാല് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പിന്നാലെ ബോറയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായും പൊലീസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 21ന് ബോറയുടെ ജാമ്യം ഉത്തരാഖണ്ഡ് ഹൈക്കോടതി നിരസിച്ചിരുന്നു. യുവതിയുടെ മകളെ ഉള്‍പ്പെടെ പീഡിപ്പിച്ച പ്രതിക്ക് നിയമപ്രകാരം ജാമ്യം നല്‍കാനുള്ള വ്യവസ്ഥ ഇല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെക്കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നിഥിന്‍ ലോഹാനി അറിയിച്ചു.

Content Highlight: former in utharakhand bjp leader arrested in rape case