അതായിരുന്നു രക്ഷാപ്രവര്‍ത്തനം, യുദ്ധമുഖത്ത് നിന്നും ലക്ഷകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ആ ചരിത്രം; മുന്‍മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നു
Dool Talk
അതായിരുന്നു രക്ഷാപ്രവര്‍ത്തനം, യുദ്ധമുഖത്ത് നിന്നും ലക്ഷകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ആ ചരിത്രം; മുന്‍മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നു
അന്ന കീർത്തി ജോർജ്
Saturday, 9th May 2020, 2:35 pm

കൊവിഡും ലോക്ക്ഡൗണും വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സമയത്ത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു രക്ഷാദൗത്യവും ചര്‍ച്ചകളില്‍ നിറയുകയാണ്. 1990കളിലെ ഇറാഖ് യുദ്ധസമയത്ത് കുവൈറ്റില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച സംഭവം. അന്ന് ഏറെ പ്രയാസം നിറഞ്ഞ ആ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച കേന്ദ്രമന്ത്രിയായിരുന്ന കെ.പി ഉണ്ണികൃഷ്ണന്‍ പ്രവാസികളെ മടക്കിയെത്തിച്ചതിനെക്കുറിച്ചും ഈ കൊറോണക്കാലത്ത് കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പ്രവാസികളുടെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നു.

അന്നത്തെ ഇറാഖ് യുദ്ധസമയത്ത് കുവൈറ്റില്‍ കുടുങ്ങിയ ലക്ഷകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടത്തിയ രക്ഷാദൗത്യങ്ങളെക്കുറിച്ച് ?

ഇറാഖ് യുദ്ധസമയത്ത് കുവൈറ്റില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന, പിന്നീട് പ്രധാനമന്ത്രിയായ ഐ.കെ ഗുജ്ജറാളിനെയായിരുന്നു ആദ്യം ഏല്‍പ്പിച്ചിരുന്നത്. അദ്ദേഹം സദ്ദാം ഹുസൈനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. ലക്ഷകണക്കിന് ഇന്ത്യക്കാരാണ് അന്ന് കുടുങ്ങികിടന്നിരുന്നത്. അന്ന് ഇത്രയധികം പേരെ നാട്ടിലെത്തിക്കുന്നതിനുള്ള വ്യോമയാനശേഷി അന്ന് ഇന്ത്യക്കുണ്ടായിരുന്നില്ല. ആവശ്യത്തിന് വിമാനങ്ങളില്ലായിരുന്നു അതുകൊണ്ട് കപ്പലില്‍ എത്തിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ അതിനെ അമേരിക്ക ശക്തമായി എതിര്‍ത്തു. ദുബായ് പോര്‍ട്ടും എതിര്‍ത്തു. അതുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാനായില്ല. ഇതോടുകൂടി കുവൈറ്റിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മുഴുവന്‍ വലിയ ആശങ്കയിലായി. ഏകദേശം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് അവിടെയുണ്ടായിരുന്നത്. അതില്‍ എഴുപതിനായിരത്തോളം മലയാളികളും. ഈ ഇരു വിഷയം കൂടി പരിഗണിച്ചായിരുന്നു പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്രമന്ത്രിയായിരുന്ന എന്നെ ഏല്‍പ്പിക്കുന്നത്. വിമാനമാര്‍ഗം തന്നെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. ഇതിനായി സദ്ദാം ഹുസൈന്‍ സാബിനെ പോയി കണ്ടു. ചര്‍ച്ചകള്‍ നടത്തി. ആ ചര്‍ച്ച വിജയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാനായി.

ഇപ്പോള്‍ ഈ കൊറോണക്കാലത്ത് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എങ്ങിനെയാണ് വിലയിരുത്തുന്നത് ?

ഞാനൊരു വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ വിവാദത്തിന് നില്‍ക്കുന്നത് ശരിയായിരിക്കില്ല. പക്ഷെ ഇപ്പോള്‍ മടങ്ങിവരുന്ന പാവപ്പെട്ടവരായ ആയിരക്കണക്കിന് പ്രവാസികളോട് യാത്രക്കൂലിയും മറ്റു ചെലവുകളും ചോദിക്കുന്നത് നല്ല നടപടിയല്ല. ഒട്ടും ശരിയായ ആവശ്യമല്ല അത്. ഇത്രമാത്രമേ ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളു. ഇന്ത്യ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ വലിയ കാലതാമസവും വന്നു എന്നുതന്നെയാണ് തോന്നുന്നത്. പക്ഷെ ഈ വിഷയത്തില്‍ ആരെയും പഴിചാരാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ നടത്താമായിരുന്നു എന്ന അഭിപ്രായമുണ്ട്.

ഇറാഖ് യുദ്ധസമയത്ത് പ്രവാസികളെ പൂര്‍ണ്ണമായും സൗജന്യമായാണ് തിരിച്ചെത്തിച്ചത്. പക്ഷെ ഇപ്പോള്‍ പ്രവാസിക്ഷേമനിധിയില്‍ നിന്നോ മറ്റു വിഹിതങ്ങളില്‍ നിന്നോ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ എന്തെങ്കിലും തുക ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനോടുള്ള പ്രതികരണം?

പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള ഫണ്ട് ഇല്ല എന്നുപറയുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സാധാരണയായി ഇത്തരം വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ഒരു ഒഴിവുകഴിവ് മാത്രമായെ ഫണ്ടില്ല എന്ന വാദത്തെ കാണാന്‍ കഴിയൂ. കാരണം ഞാന്‍ അന്ന് ഇറാഖ് യുദ്ധസമയത്ത പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും ഫണ്ടില്ല എന്നുതന്നെയാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് ഫണ്ട് ഉണ്ടാകാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടുവന്ന് ജനങ്ങളെ സഹായിക്കേണ്ടത്. ഫണ്ടില്ല എന്നു പറയുന്നവരോട് ഫണ്ട് ഉണ്ടെന്ന് കൃത്യമായി കാണിച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനും മന്ത്രിമാര്‍്ക്കും കഴിയണം. അങ്ങിനെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളത്. എന്തുകൊണ്ടാണ് ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ അതിന് തയ്യാറാകാത്തതെന്ന് എനിക്ക് അറിയില്ല.

കേരളസര്‍ക്കാര്‍ പ്രവാസി മലയാളികളെ തിരിച്ചുക്കൊണ്ടു വരുന്നതില്‍ കൃത്യമായ നടപടികളാണോ സ്വീകരിച്ചത്?

ഞാന്‍ കണ്ടിടത്തോളം സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികളെ മടക്കിയെത്തിക്കുന്നതില്‍ കൃത്യമായ നിലപാടുകളെടുക്കുകയും കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാസികളെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സര്‍ക്കാര്‍തല പ്രവര്‍ത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

സംസ്ഥാന സര്‍ക്കാര്‍ രോഗികളെ സംരക്ഷിക്കുന്നതിലും രോഗത്തെ നേരിടുന്നതിലും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കെ.കെ ശൈലജ ടീച്ചര്‍ വളരെ നന്നായിട്ടാണ് ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തതെന്നു തന്നെ ഞാന്‍ പറയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഏറെ കാലതാമസം വരുത്തി. ചെപ്പടിവിദ്യക്കൊണ്ട് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ പോക്ക്. എന്തിനേറെ പറയുന്നു, പ്രധാനമന്ത്രിയുടെ പ്രസംഗകല പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്രഹസനത്തിനായിട്ടാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഈ പ്രശ്‌നത്തിനോ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കോ പരിഹാരം കാണാന്‍ യാതൊരു പ്രാധാന്യവും കല്പിച്ചിട്ടില്ല. പ്രസംഗത്തിനല്ലാതെ മറ്റൊന്നിനും ഒരു പ്രാധാന്യവും നല്‍കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.