ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പ് എന്ന രീതിയിലാവും 2022 ഖത്തര്‍ ലോകകപ്പ് ഭാവിയില്‍ ഓര്‍ക്കപ്പെടുക.
ലോകകപ്പിന്റെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളും സൂപ്പര്‍ കോച്ചുകളും തങ്ങളുടെ ലോകകപ്പ് ഫേവറിറ്റുകളായി പല ടീമിനെയും ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുമുണ്ട്.
ഇതിനോട് ചുവടുപിടിച്ച് ഒരു വമ്പന്‍ പ്രസ്താവന നടത്തിയിരിക്കുകയാണ് അമറാല്‍ എന്ന പേരില്‍ പ്രശസ്തനായ ബ്രസീലിയന്‍ ഫുട്‌ബോളര്‍ വാഗ്നര്‍ പെരേര കാര്‍ഡോസോ.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയോ പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അല്ല, ബ്രസീലിന്റെ മുന്നേറ്റ താരം നെയ്മറാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നാണ് അമറാല്‍ പറയുന്നത്.
ഇ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാഗ്നര്‍ ഇക്കാര്യം പറയുന്നത്.
ലോകകപ്പിന് മുമ്പ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നെയ്മര്‍ ബ്രസീലിലെ മാത്രം മികച്ച താരമല്ല മറിച്ച് ബാലണ്‍ ഡി ഓര്‍ ജേതാക്കളായ മെസിയെക്കാളും റൊണാള്‍ഡോയെക്കാളും മികച്ചവനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാളും മെസിയെക്കാളും മികച്ചവന്‍ നെയ്മര്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് നെയമ്‌റാണ് ദി ബെസ്റ്റ്,’ വാഗ്നര്‍ പറയുന്നു.
നിലവില്‍ മികച്ച ഫോമിലാണ് ബ്രസീലിന്റെ പി.എസ്.ജി താരം നെയ്മര്‍ ജൂനിയര്‍. സീസണില്‍ ഉടനീളം ഗോളടിച്ചും അടിപ്പിച്ചുമാണ് നെയ്മര്‍ പി.എസ്.ജിയുടെ വിജയങ്ങളില്‍ നിര്‍ണായകമാകുന്നത്.
മികച്ച ഫോമില്‍ തുടരുന്ന നെയ്മര്‍ തന്നെയാണ് ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷയാവുന്നതും. നെയ്മറിന് പുറമെ ഓരോ പൊസിഷനിലും മികച്ച താരങ്ങളെ തന്നെ അണിനിരത്തിയാണ് ടിറ്റെ ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നത്.