ടി-20 ഇന്റര്‍നാഷണലിലെ മികച്ച താരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ടി-20യിലെ മികച്ച താരങ്ങള്‍ എന്ന് വിലയിരുത്തുന്ന പാക് സൂപ്പര്‍ താരങ്ങളായ ഷഹീന്‍ അഫ്രിദിയെയോ ബാബര്‍ അസമിനെയോ അല്ല അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ഹോഗ് മികച്ച ടി-20 താരമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഹോഗിന്റെ അഭിപ്രായപ്രകാരം ഹര്‍ദിക്കാണ് നിലവില്‍ ടി-20യിലെ ഏറ്റവും മൂല്യമേറിയ താരം.
‘ഹര്‍ദിക് പാണ്ഡ്യയാവണമായിരുന്നു ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത്. അവന്‍ ഐ.പി.എല്ലില്‍ തന്റെ മികവ് തെളിയിച്ചതാണ്. ജയസാധ്യതയില്ലാത്ത മത്സരങ്ങള്‍ പോലും അവന്‍ അവന്റെ ഓള്‍ റൗണ്ട് മികവിനാല്‍ ജയിപ്പിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അവന്‍ നേടിയ ഒരു ബൗണ്ടറി എല്ലാവര്‍ക്കും നേടാന്‍ കഴിയുന്ന ഒന്നല്ല. ടോപ് ഓര്‍ഡറിലും ബാറ്റ് ചെയ്യാന്‍ അവന് സാധിക്കും. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഹര്‍ദിക്,’ ഹോഗ് പറയുന്നു.
ഏറെ നാള്‍ ടീമിന് പുറത്തു നിന്നതിന് പിന്നാലെയാണ് ഹര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് പോലൊരു ടീമിനെ ഐ.പി.എല്ലിന്റെ കിരീടം ചൂടിക്കാനും താരത്തിനായി.
ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തില്‍ പന്തുകൊണ്ടും കരുത്ത് കാട്ടിയ ഹര്‍ദിക്, താന്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ ഡിപ്പന്‍ഡിബിള്‍ ഓള്‍ റൗണ്ടറായത് എന്ന് അടിവരയിട്ടുറപ്പിക്കുകയായിരുന്നു.
ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് താരം.
ടീമിലെത്തി ആദ്യ മത്സരത്തില്‍ തന്നെ ഹര്‍ദിക് മികച്ച പ്രകടനമായിരുന്നു നടത്തിയത്. 12 പന്തില്‍ നിന്നും മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 31 റണ്‍സായിരുന്നു താരം നേടിയത്.
Content Highlight: Former Australian Cricketer Brad Hogg names Hardik Pandya as the most valuable T20 player in world cricket