Sports News
അവന്‍ സൈമണ്ട്‌സിനെ പോലെ, ടീമിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ അവനാവും; മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരത്തെ വാനോളം പുകഴ്ത്തി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 24, 12:04 pm
Sunday, 24th July 2022, 5:34 pm

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടറിലെ ഏറ്റവും വലിയ ഹൈലൈറ്റ്. നിലവിലെ ചാമ്പ്യന്‍മാരായ കങ്കാരുക്കള്‍ സ്വന്തം മണ്ണില്‍, സ്വന്തം കാണികളുടെ മുന്നില്‍ വെച്ച് ഒരിക്കല്‍ക്കൂടി കിരീടമുയര്‍ത്താനാണ് ഒരുങ്ങിയിറങ്ങുന്നത്.

ഇന്ത്യന്‍ ടീമിലേതെന്നപോലെ താരങ്ങളുടെ ധാരാളിത്തമാണ് ഓസ്‌ട്രേലിയയും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിരവധി താരങ്ങളില്‍ നിന്നും 16 പേരെ തെരഞ്ഞെടുക്കുക എന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ടീമില്‍ സ്വാധീനമുണ്ടാക്കാന്‍ പോന്ന യുവതാരത്തെ സ്‌ക്വാഡില്‍ എന്തുവന്നാലും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരിക്കുകയാണ് ലോകക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും സൂപ്പര്‍ താരവുമായ റിക്കി പോണ്ടിങ്.

2022 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ്ങില്‍ നിര്‍ണായകമായ ടിം ഡേവിഡിനെയാണ് പോണ്ടിങ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സിംഗപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് ഈ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്ണടിച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. 1,002 റണ്‍സാണ് താരം ഈ വര്‍ഷം മാത്രം സ്വന്തമാക്കിയത്.

183.51 എന്ന സ്‌ട്രൈക്ക് റ്റേറ്റിലാണ് ടിം റണ്ണടിച്ചുകൂട്ടുന്നത്. അതേസമയം, ഐ.പി.എല്ലില്‍ താരത്തിന്റെ പ്രഹരശേഷി 200ലധികമായിരുന്നു.

‘ഞാന്‍ സെലക്ടറായിരുന്നുവെങ്കില്‍ സന്തോഷത്തോടെ ഞാനവനെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു,’ പോണ്ടിങ് ഉദ്ധരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഓസ്‌ട്രേലിയ കണ്ട എക്കാലത്തേയും മികച്ച താരമായ ആന്‍ഡ്രൂ സൈമണ്ട്‌സിനെ അനുസ്മരിപ്പിക്കും വിധമാണ് അവന്റെ പ്രകടനമെന്നും പോണ്ടിങ് പറഞ്ഞു.

‘അവന്‍ വളരെ മികച്ച താരമാണ്. ടീമിന് വേണ്ടി വേള്‍ഡ് കപ്പ് നേടിത്തരാന്‍ പോലും കെല്‍പുള്ള താരമാണവന്‍. 2003 ലോകകപ്പിലെ ആന്‍ഡ്രൂ സൈമണ്ട്‌സിനെയാണ് അവനെ കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷമായിരുന്നു ടിം ഡേവിഡ് ഐ.പി.എല്ലില്‍ അരങ്ങേറിയത്. 2022ല്‍ 8.25 കോടി രൂപയ്ക്കായിരുന്നു ടിമ്മിനെ മുംബൈ ടീമിലെത്തിച്ചത്.

 

2022ല്‍ മുംബൈയ്ക്കായി 8 മത്സരങ്ങളാണ് താരം കളിച്ചത്. 37.20 ശരാശരിയില്‍ 186 റണ്‍സും ടിം സ്വന്തമാക്കിയിട്ടുണ്ട്. 216.28 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും 16 സിക്‌സറുകളും ടിം 2022 ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്.

 

Content Highlight: Former Australian Captain Ricky Ponting about Tim David