ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് മയക്ക് വെടിവെച്ച് പിടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പൂജ നടത്തി വനം വകുപ്പ്. രാത്രിയോടെ അരികൊമ്പനെയും വഹിച്ചുള്ള വാഹനം വന്യ ജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയപ്പോഴായിരുന്നു പൂജ നടത്തിയത്.
ജനങ്ങളുടെ വിശ്വാസങ്ങള്‍ കണക്കിലെടുത്താണ് പൂജ നടപടികളെന്നാണ്
വനം വകുപ്പിന്റെ വിശദീകരണം. ഇതിന് മുമ്പ് മറ്റു മൃഗങ്ങളെ കൊണ്ട് വന്നപ്പോഴൊന്നും ഇത്തരത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് പൂജ നടത്തിയതെന്ന് വിശദീകരിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല.
അതേസമയം അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കുമളി പഞ്ചായത്തില്‍ നാളെ രാവിലെ ഏഴ് മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആനയെ ഉള്‍കാട്ടിലെത്തിച്ച് തുറന്ന് വിടാനാണ് വനം വകുപ്പിന്റെ നീക്കം.
ഇന്ന് ഉച്ചയോടെയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടിയത്. ഒന്നിലധികം തവണ വെടിവെച്ചതിന് ശേഷമാണ് ആനയെ പിടിച്ച് കെട്ടാന്‍ ദൗത്യ സംഘത്തിനായത്. വെടിവെച്ചതിന് പിന്നാലെ ആനയുടെ നാല് കാലുകളിലും വടം കെട്ടിയിരുന്നു. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. ആകെ അഞ്ച് റൗണ്ട് മയക്ക് വെടിയാണ് ദൗത്യ സംഘം പ്രയോഗിച്ചത്.