ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് പ്രസംഗിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജൂലിയോ റിബെയ്‌റോ. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ പക്ഷപാതിത്വവും പാകപ്പിഴകളും ചൂണ്ടിക്കാട്ടി ജൂലിയോ റിബെയ്‌റോ ദല്‍ഹി പൊലീസ് ചീഫ് എസ്.എന്‍ ശ്രീവാസ്തവക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. അന്വേഷണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി മുന്നോട്ടുപോകുകയാണെന്നായിരുന്നു ശ്രീവാസ്തവയുടെ മറുപടി. ഇതിന് പിന്നാലെയാണ് ജൂലിയോ വീണ്ടും കത്തയച്ചത്.
ബി.ജെ.പി നേതാക്കള്‍ക്ക് എന്തും വിളിച്ചുപറയാനും ഭീഷണിപ്പെടുത്താനും ലൈസന്‍സ് നല്‍കിയ പൊലീസ് നടപടി യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും പ്രസംഗിച്ചവര്‍ മുസ്‌ലിങ്ങളോ ഇടതുപക്ഷക്കാരോ ആയിരുന്നെങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കില്ലായിരുന്നോ എന്നും ജൂലിയോ രണ്ടാമത്തെ കത്തില്‍ ചോദിക്കുന്നു.
‘ഞാന്‍ അയച്ച തുറന്ന കത്തില്‍ ഉന്നയിച്ച ചില സംശയങ്ങള്‍ക്ക് താങ്കള്‍ മറുപടി നല്‍കിയിട്ടില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എന്തും വിളിച്ചുപറയാനും ഭീഷണിപ്പെടുത്താനും നിങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനാവില്ല എന്ന് എനിക്ക് ഉറപ്പാണ്. ഇവരെക്കുറിച്ച് ഞാന്‍ ആദ്യ കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗിച്ചവര്‍ മുസ് ലിങ്ങളോ ഇടതുപക്ഷക്കാരോ ആയിരുന്നെങ്കില്‍ രാജ്യദ്രോഹവും ചുമത്തി നിങ്ങള്‍ അവരെ ജയിലടച്ചിരിക്കുമെന്നും തീര്‍ച്ചയാണ്.’ ജൂലിയോ റിബെയ്‌റോ കത്തില്‍ പറയുന്നു.
ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെയായിരുന്നു ആദ്യ കത്തില്‍ ജൂലിയോ റിബേരിയോ വിമര്‍ശനം ഉന്നയിച്ചിരുന്നത്. ദല്‍ഹി കലാപത്തിന് തൊട്ടുമുന്‍പ് പൗരത്വ ഭേദഗതി പ്രതിഷേധക്കാരെ റോഡില്‍ നിന്നും മാറ്റിയില്ലെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുമെന്ന് കപില്‍ മിശ്ര പൊതുവേദിയില്‍ പറഞ്ഞിരുന്നു.ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രിയായ അനുരാഗ് ഠാക്കൂര്‍ പൗരത്വ പ്രതിഷേധക്കാരെ വെടിവെച്ചുക്കൊല്ലണമെന്ന് ആഹ്വാനം നടത്തിയിരുന്നു. ഗോലി മാരോ സാലോം കോ(ചതിയന്മാരെ വെടിവെച്ചു കൊല്ലൂ) എന്ന മുദ്രാവാക്യം വിളിപ്പിച്ചുള്ള റാലിക്കും ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. സമാനമായ രീതിയില്‍ എം.പിയായ പര്‍വേഷ് വര്‍മയും പ്രസംഗിച്ചിരുന്നു.
ജൂലിയോ റിബേരിയോ അടക്കമുള്ളവരുടെ ദേശസ്‌നേഹത്തെ ശ്രീവാസ്തവ ചോദ്യം ചെയ്തതിനെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ‘ഞാന്‍ യഥാര്‍ത്ഥ ദേശസ്‌നേഹികളെന്ന് പ്രതിപാദിച്ചവരുടെ ദേശസ്‌നേഹത്തെ നിങ്ങള്‍ സംശയിക്കുന്നതായി ഇ-മെയില്‍ പറയുന്നുണ്ടല്ലോ. ഹര്‍ഷ് മന്ദറും അപൂര്‍വാനന്ദും ഞാനുമാണ് ആ മൂന്ന് പേര്‍. ഹര്‍ഷും അപൂര്‍വാന്ദും ഗാന്ധിയരാണ്. നിലവിലെ ഭരണത്തിന് ഗാന്ധിയന്മാരോട് താല്‍പര്യമില്ലെന്ന് ഞാന്‍ ഓര്‍ക്കണമായിരുന്നു.’
Police fraternity holds Mr Julio Rebeiro in high esteem. He has raised doubts about the fairness in investigation of North East Delhi riots. An email reply has been sent to clear his doubts.The email reply is attached @CPDelhi @LtGovDelhi @HMOIndia pic.twitter.com/ZNVaFYwSXG
— #DilKiPolice Delhi Police (@DelhiPolice) September 15, 2020
ദല്‍ഹി കലാപത്തിലെ ആസൂത്രകരെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെയായിരുന്നു പൊലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത്.
ദല്‍ഹി കലാപത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ തുടക്കം മുതല്‍ തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ജെ.എന്‍.യു സ്റ്റുഡന്‍സ് കൗണ്‍സില്‍ നേതാവ് ഉമര്‍ ഖാലിദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ ഈ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഉമര്‍ ഖാലിദിനൊപ്പം സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ.ജയതി ഘോഷ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ അക്കാദമിഷ്യനുമായ അപൂര്‍വ്വാനന്ദ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്തിരുന്നു.
പത്മഭൂഷണും പ്രസിഡന്റിന്റെ പൊലീസ് മെഡലും നേടിയ ജൂലിയോ റിബെയ്‌റോ രാജ്യത്തെ അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ്. ഇദ്ദേഹം തന്നെ ദല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചുക്കൊണ്ട് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.