ഹൈദരാബാദ്: തമിഴ്-തെലുങ്ക് സിനിമാ താരമായ തമന്ന ഭാട്യയ്ക്കു നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറിലാണ് സംഭവം. ചെരിപ്പെറിഞ്ഞ 31-കാരനായ കരിമുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് തമന്നയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായത്. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്റെ ദേഹത്താണ് ചെരിപ്പ് കണ്ടത്.
Also Read: നരേന്ദ്രമോദി വിദേശ കമ്പനികളുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്
ബി. ടെക് ബിരുദധാരിയായ കരിമുള്ള മുഷീറാബാദ് സ്വദേശിയാണ്. ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ തമന്നയ്ക്കു നേരെ ചെരിപ്പെറിഞ്ഞതെന്ന് നാരായണ്‍ഗുഡ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. രവീന്ദര്‍ പറഞ്ഞു.
സംഭവശേഷം ഉടന്‍ തന്നെ കരിമുള്ള പിടിയിലായി. തമന്ന അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലെ നടിയുടെ വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞത് എന്ന് കരിമുള്ള പറഞ്ഞു. ചെരിപ്പേറ് കൊണ്ട ജീവനക്കാരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും അഭിനയിച്ച തമന്ന ബോളിവുഡിലും മാറ്റുരച്ചിട്ടുണ്ട്.