സിംഗപൂര്‍: രാജ്യാന്തര ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ടീമായ ബ്രസീലിന് സമനിലക്കുരുക്ക്. നൈജീരിയയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. പരിക്കുകളോടെ ബ്രസീല്‍ താരം നെയ്മര്‍ മടങ്ങിയതും ബ്രസീലിന് തിരിച്ചടിയായി.
കോപ്പ അമേരിക്കയ്ക്ക് ശേഷം ബ്രസീലിന് വിജയത്തിലെത്താന്‍ ആയിട്ടില്ല. റയല്‍ മാഡ്രിഡ് താരം കാസിമിറോയുടെ ഗോളിലൂടെ നൈജീരിയക്കെതിരെ തോല്‍ക്കാതെ ബ്രസീല്‍ പിടിച്ചുനില്‍ക്കുകയായിരുന്നു.
ജോ അരിബോയിലൂടെ മുപ്പത്തിയഞ്ചാം മിനിട്ടിലാണ് നൈജീരിയ മുന്നിലെത്തിയത്. പന്ത്രണ്ടാം മിനിട്ടില്‍ നെയ്മര്‍ പരിക്കേറ്റ് മടങ്ങിയതും ബ്രസീലിന് തിരിച്ചടിയായി. കോപ്പ അമേരിക്ക വിജയത്തിന് ശേഷം പെറുവിനോട് തോറ്റ ബ്രസീല്‍ ബാക്കിയുള്ള മൂന്ന് കളിയിലും സമനില വഴങ്ങി. അടുത്തമാസം പതിനഞ്ചിന് അര്‍ജന്റീനയ്ക്ക് എതിരെയാണ് ബ്രസീലിന്റെ മത്സരം.
സൂപ്പര്‍താരം ലിയോണല്‍ മെസിയില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്റീന കരുത്തരായ ഇക്വഡോറിനെതിരെ ആറ് ഗോള്‍ നേട്ടത്തില്‍ വിജയം നേടിയിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. മത്സരത്തിലുടനീളം അര്‍ജന്റീന ആധിപത്യം പുലര്‍ത്തുകയായിരുന്നു. അര്‍ജന്റീന ജയിച്ചപ്പോള്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന് വീണ്ടും സമനിലക്കുരുക്ക് ഉണ്ടായത് ബ്രസീല്‍ പ്രേമികളെ നിരാശരാക്കുകയാണ്.