'ഫുട്ബോളിനും വെറുപ്പ് അകറ്റാൻ കഴിഞ്ഞില്ല'; അൾജീരിയൻ മണ്ണിൽ കളിക്കാതെ മൊറോക്കൻ ഫുട്ബോൾ ടീം
World News
'ഫുട്ബോളിനും വെറുപ്പ് അകറ്റാൻ കഴിഞ്ഞില്ല'; അൾജീരിയൻ മണ്ണിൽ കളിക്കാതെ മൊറോക്കൻ ഫുട്ബോൾ ടീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 11:42 pm

റാബത്ത്: അൾജീരിയ-മൊറോക്കോ സംഘർഷം വീണ്ടും കലുഷിതമാവുകയാണ്. സ്വരച്ചേർച്ചയിലല്ലാത്ത വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയക്കും മൊറോക്കക്കും ഇടയിലുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമായി മാറുന്നെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അൾജീരിയയിൽ വെച്ച് നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൽ നിന്നും മൊറോക്കോ പിന്മാറിയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
ജനുവരി 13ന് നടന്ന മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് തങ്ങൾ മത്സരിക്കാനില്ലെന്ന് മൊറോക്കൻ ടീം അറിയിക്കുന്നത്.

മൊറോക്കൻ തലസ്ഥാനമായ റാബത്തിൽ നിന്നും അൾജീരിയൻ നഗരമായ കോൺസ്റ്റന്റയ്നിലേക്ക് നേരിട്ട് വിമാന യാത്ര ചെയ്യാൻ തങ്ങൾക്ക് അനുമതിയില്ലെന്നും. നേരിട്ടല്ലാതെയുള്ള മറ്റു വ്യോമ പാതയിലൂടെ യാത്ര ചെയ്യാൻ താല്പര്യമില്ലെന്നും പറഞ്ഞായിരുന്നു മൊറോക്കൻ ടീം അൾജീരിയയിൽ കളിക്കാൻ വിസമ്മതിച്ചത്.

മൊറോക്കോ അൾജീരിയ തങ്ങൾക്ക് നേരെ “ഗൂഡാലോചനകൾ നടത്തുന്നു” എന്നും “അതിക്രമങ്ങൾ സംഘടിപ്പിക്കുന്നു” എന്നും ആരോപിച്ചതിൽ പ്രതിഷേധിച്ച് 2021ൽ മൊറോക്കൻ വിമാനങ്ങൾക്ക് അൾജീരിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് രാജ്യം വിലക്കേർപ്പെടുത്തിയിരുന്നു.

അൾജീരിയയിലെ കാബിലി പ്രവിശ്യയിൽ കാട്ടുതീ പടർന്നതിനു പിന്നാലെ ഈ ദുരന്തത്തിന് കാരണം മൊറോക്കോ പിന്തുണയ്ക്കുന്ന ചില തീവ്രവാദ ഗ്രൂപ്പുകളാണെന്ന് അൾജീരിയ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് അൾജീരിയ തങ്ങൾക്കെതിരെ “അതിക്രമങ്ങൾ സംഘടിപ്പിക്കുന്നു” എന്ന് മൊറോക്കോ പ്രസ്ഥാവിച്ചത്.

മൊറോക്കോ മത്സരത്തിൽ നിന്നും പിന്മാറിയതോടെ നിരവധി അൾജീരിയൻ പൗരർ ഇതിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.


ലോകകപ്പിന് ശേഷം മൊറോക്കക്ക് ലഭിച്ച മാധ്യമ സ്വീകാര്യത ഉപയോഗിച്ച് വ്യോമാതിർത്തി തുറക്കാൻ അവർ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് മത്സരത്തിൽ നിന്നും പിന്മാറാനുള്ള മൊറോക്കയുടെ തീരുമാനം എന്ന് അൾജീരിയയിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

കൂടാതെ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ ടീമിന് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒന്നാകെയുള്ള പിന്തുണ ലഭിച്ചിരുന്നു. ഇതിൽ അൾജീരിയൻ പൗരരുടെ പിന്തുണയും ഉൾപ്പെടുന്നു. മൊറോക്കോയുടെ ഏകപക്ഷീയമായ മത്സരത്തിൽ നിന്നും പിൻമാറാനുള്ള ഈ തീരുമാനം ഇരു രാജ്യങ്ങൾക്കും ഇടയിൽ തളിർത്തുവന്ന സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അൾജീരിയയിൽ ടൂർണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നെൽസൺ മണ്ടേലയുടെ ചെറുമകൻ വെസ്റ്റേൺ സഹാറൻ പ്രാവിശ്യയിൽ മൊറോക്കോ നടത്തുന്ന അധിനിവേശങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. കൂടാതെ മൊറോക്കോക്കെതിരെ സ്വതന്ത്ര പ്രഖ്യാപനം നടത്തി പ്രതിഷേധിക്കുന്ന ചില വെസ്റ്റ് സഹാറൻ ഗ്രൂപ്പുകളെ അൾജീരിയ സഹായിക്കുന്നതിൽ അദ്ദേഹം പ്രശംസയും രേഖപ്പെടുത്തിയിരുന്നു. ഇത് മൊറോക്കോയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

അൾജീരിയയും മൊറോക്കോയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് നീണ്ടകാലത്തെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങളെതുടർന്നുള്ള പ്രശ്നങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ സംഘർഷങ്ങളായി രൂപാന്തരപ്പെട്ടത്.

 

Content Highlights:’Football couldn’t get rid of hate’; Moroccan football team not playing on Algeria