ഓണം-റംസാന്‍ സീസണ്‍: വിപണിയില്‍ വില കുതിക്കുന്നു
Big Buy
ഓണം-റംസാന്‍ സീസണ്‍: വിപണിയില്‍ വില കുതിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th August 2012, 8:28 am

പത്തനംതിട്ട: ഓണം-റംസാന്‍ സീസണായതിനാല്‍ അവശ്യസാധന വിപണിയില്‍ വില കുതിച്ചുയരുന്നു. പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വന്‍തോതില്‍ ഉയരുകയാണ്. []

അരി, പഞ്ചസാര, മുളക്, ഉള്ളി, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വിലയില്‍ വന്‍വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിലും സ്ഥിതി മറിച്ചല്ല.

പൊതുവിപണിയിലെ വില നിയന്ത്രിക്കാനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള വില്പനശാലകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.  പൊതുവിപണിയില്‍ വില കൂടുതലുള്ള വസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കി വില്പന നടത്താനുള്ള നിര്‍ദേശം സിവില്‍ സപ്ലൈസ് കോര്‍പറേഷനും സഹകരണ മേഖലയ്ക്കും സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

സഹകരണമേഖലയില്‍ കണ്‍സ്യൂമര്‍ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും ഓണം, റംസാന്‍ വിപണികളുമായി രംഗത്തുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡി സ്വീകരിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ വിപണിയില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ന്യായവിലയ്ക്ക് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുവിപണി ഉപഭോക്താവിനെ ചൂഷണം ചെയ്യുകയാണെന്നാണാക്ഷേപം.

പൊതുവിപണിയിലെ വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അപ്രസക്തമായതോടെയാണ് വിലക്കയറ്റത്തിന്റെ രൂക്ഷത സാധാരണക്കാരനെ ഇത്രയധികം ബാധിക്കുന്നത്. അവശ്യസാധനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ അന്യനാടുകളില്‍ നിന്നെത്തുന്ന സാധനങ്ങള്‍ക്ക് വില നിശ്ചയിക്കേണ്ട സംവിധാനങ്ങള്‍ ഇല്ല. വ്യാപാരികളാണ് വില തീരുമാനിക്കുന്നത്. പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും പൊതുവില നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ഏതുവിലയ്ക്കും സാധനങ്ങള്‍ വില്‍ക്കാമെന്ന സ്ഥിതിയാണുള്ളത്.