കല്‍പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പാര്‍ട്ടിയുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗം. പ്രളയദുരിതാശ്വാസ ഫണ്ടില്‍ മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മറ്റി തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ സി. മമ്മിയാണ് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും പൊഴുതന ഗ്രാമപഞ്ചായത്ത് അംഗവുമാണ് ആക്ഷേപം ഉന്നയിച്ച സി. മമ്മി.
പ്രളയ ദുരിതാശ്വാസത്തിന് കെ.എം.സി.സി വഴി സമാഹരിച്ച വന്‍ തുകയുടെ വിതരണത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് മമ്മി ഉന്നയിക്കുന്ന ആരോപണം. പ്രളയ ഫണ്ടില്‍ ക്രമക്കേട് നടത്തിയതായും പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയത ഉള്ളതായും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു.
യത്തീംഖാനയുടെ മറവിലും ഇത്തരം സ്ഥാപനത്തിലെ നിയമനങ്ങള്‍, അഡ്മിഷന്‍ എന്നിവയ്ക്ക് പുറമെ റമദാന്‍ മാസത്തില്‍ വയനാട് ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മുഴുവന്‍ മഹല്ലുകള്‍ക്കും യത്തീംഖാന വിതരണം ചെയ്യുന്ന പതിനായിരക്കണക്കിന് രൂപ വരുന്ന സക്കാത്ത് പണത്തിലും തിരിമറി നടന്നതായും മമ്മി കത്തില്‍ പറയുന്നു.
ഇത്തരത്തില്‍ പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വവും ജില്ലാ നേത്യത്വവും വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തിവരുന്നതെന്നും ഇതിന്റെ ഫലമായി പൊഴുതന പഞ്ചായത്തിലെ മുസ്‌ലിം ലീഗില്‍ വലിയ വിഭാഗീയതയും ഭിന്നതയും ആണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാനേത്യത്വം പിരിച്ചുവിട്ടിരുന്നു എന്നും മമ്മി കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘2018, 2019 വര്‍ഷങ്ങളിലെ മഹാ പ്രളയങ്ങളില്‍ വലിയ കെടുതികളും ദുരന്തങ്ങളും ഏറ്റുവാങ്ങിയ പ്രദേശമാണ് പൊഴുതന പഞ്ചായത്ത്. ദുരന്തബാധിതരെ സഹായിക്കാനായി കെ.എം.എം.സി മുഖാന്തരം സമാഹരിച്ച വലിയതോതിലുള്ള ഫണ്ട് നാമമാത്രമായാണ് ദുരന്തബാധിതര്‍ക്കിടയില്‍ വിതരണം ചെയ്തത്.
ബാക്കി വരുന്ന ഭീമമായ സംഖ്യ നേത്യത്വത്തിലുള്ള ചുരുക്കം ചില ആളുകള്‍ വെട്ടിപ്പു നടത്തി കൈപ്പറ്റുന്ന സാഹചര്യമുണ്ടായി. ഈ തട്ടിപ്പ് സംഭവത്തില്‍ തുടങ്ങിയ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ പ്രശ്നങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ വലിയ പൊട്ടിത്തെറിയിലാണ് എത്തിപ്പെട്ടത്,’ കത്തില്‍ പറയുന്നു.
കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് പ്രളയ ഫണ്ട് തട്ടിപ്പ് ആക്ഷേപവും ഉയരുന്നത്.
ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നായിരുന്നു കത്വ വിവാദത്തില്‍ ആരോപണമുയര്‍ന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.