Latest weather Updates
സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 02:40 am
Saturday, 5th April 2025, 8:10 am

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് (ശനി) കേരളത്തിലെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുണ്ട്.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഞായറാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇതിനുപുറമെ തിരുവനന്തപുരം ജില്ലയില്‍ (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) ഇന്ന് രാവിലെ 11.30 മുതല്‍ 06/04/2025 രാവിലെ 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും, കൊല്ലം ജില്ലയില്‍ (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ 06/04/2025 രാവിലെ 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെയും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനാണ് സാധ്യത.

തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടാന്‍ കാരണം.

അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമായിട്ടുണ്ട്.

Content Highlight: latest weather updates in kerala, yellow alert in four district