നാടകത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂര്‍ സ്വദേശിയായ അദ്ദേഹം മഴവില്‍ മനോരമയിലെ മറിമായത്തിലൂടെയാണ് ശ്രദ്ധേയനായത്.
മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദ് തന്നെയായിരുന്നു. മൂസയെന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കി.
കേരള സര്‍ക്കാരിന്റെ കേരളോത്സവ നാടകമത്സരത്തില്‍ തുടര്‍ച്ചയായി നാലുവര്‍ഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആദാമിന്റെ മകന്‍ അബു, പുതിയ തീരങ്ങള്‍, 101 ചോദ്യങ്ങള്‍ , വല്ലാത്ത പഹയന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഒരുപാട് ഗള്‍ഫ് ഷോകളിലും വിനോദ് കോവൂര്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ നടന്‍ മാമുക്കോയയുമായി ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുത്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനോദ്. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും മാമുക്കോയ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ടുമൂന്ന് തവണ ഗള്‍ഫ് ഷോയില്‍ ഞാന്‍ മാമുക്കയുടെ (മാമുക്കോയ) കൂടെ പങ്കെടുത്തിരുന്നു. ഒരു തവണ ഞാനും ഇക്കയും സുരഭിയും കൂടെ ഒരു ഗള്‍ഫ് ഷോയ്ക്ക് പോയി. അന്ന് കൂടെ ശ്രീനിവാസേട്ടനും സുരാജുമൊക്കെ ഉണ്ടായിരുന്നു.
ആ സമയത്താണ് ഞാന്‍ മാമുക്കയുമായി വല്ലാതെ അടുക്കുന്നത്. ഞാനും സുരഭിയും ഇക്കയും കോഴിക്കോട്ടുകാരാണ് എന്ന സംസാരം എപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുമായിരുന്നു.
അദ്ദേഹം എപ്പോഴും മുണ്ടാണ് ഉടുക്കുക. പാന്‍സ് ധരിക്കാറില്ല. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മാമുക്കയെ അവര്‍ പിടിച്ചുവെച്ചു. അദ്ദേഹത്തിന്റെ ബാഗ് വാങ്ങി. അപ്പോള്‍ ഞാനും സുരഭിയും നടന്ന് മുന്നോട്ട് എത്തിയിരുന്നു.
മാമുക്ക അവിടുന്ന് ‘ഡാ വിനോദേ, എന്റെ ബാഗ് പിടിച്ചെടാ’ എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ അവിടെ തന്നെ നിന്നു. അവിടെയുള്ളവര്‍ അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പറയുകയും ബാഗ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ ബാഗിലെ സാധനങ്ങള്‍ മുഴുവനും പുറത്തേക്ക് എടുത്തിട്ടു. അതില്‍ ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ അവര് തന്നെ എല്ലാം ബാഗില്‍ എടുത്ത് വെച്ചു.
അവിടെന്ന് മാമുക്ക ബാഗുമായി ദേഷ്യത്തില്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ‘മുണ്ട് ഉടുത്താല്‍ ഇവര്‍ക്ക് കുഴപ്പമാണ്. പാന്റിട്ടാല്‍ ഒരു കുഴപ്പവുമില്ല. മുണ്ടുടുത്താല്‍ നമ്മളൊക്കെ ഇവര്‍ക്ക് കള്ളന്മാരാണ്’ എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു,’ വിനോദ് കോവൂര്‍ പറയുന്നു.
Content Highlight: Vinod Kovoor Talks About An Incident With Mamukkoya