ബെര്‍ലിന്‍: ജര്‍മനിയിലും ബെല്‍ജിയത്തിലുമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കടന്നു. നദികള്‍ കരകവിഞ്ഞൊഴുകുകയും മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ വലിയ നാശനഷ്ടമാണ് ഇരു രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്.
നൂറ് കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പാശ്ചാത്യ ജര്‍മനിയിലെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയിലാണ്. വൈദ്യുതിയും ഗതാഗതമാര്‍ഗങ്ങളും തടസ്സപ്പെട്ടതോടെ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഇവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന ഹൃദയം നുറുങ്ങുന്നതാണെന്നും എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീയര്‍ പറഞ്ഞു.
ഒരാഴ്ചക്ക് ശേഷം മാത്രമേ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനുശേഷമായിരിക്കും ദുരിതാശ്വാസ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കുകയെന്നും ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം നിലവില്‍ വെള്ളത്തിന്റെ നില ഉയരാതെ തുടരുന്നതിനാല്‍ ഒരുപക്ഷെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കില്ലെന്ന പ്രതീക്ഷയും വാസന്‍ബര്‍ഗ് പ്രവിശ്യയിലെ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്.
ബെല്‍ജിയത്തില്‍ ഇതുവരെ 27 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നൂറിലേറെ പേര്‍ കാണാതാവുകയോ ബന്ധപ്പെടാന്‍ സാധിക്കുകയോ ചെയ്യാത്ത അവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.