Cricket
ഇവിടെ വരുന്ന എല്ലാവര്‍ക്കും ക്യാപ്റ്റന്‍സി കൊടുക്കുന്നുണ്ടെന്ന് കേട്ട് വന്നതാ! ഈ കൊല്ലം ഇന്ത്യക്ക് അഞ്ച് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 16, 10:31 am
Thursday, 16th June 2022, 4:01 pm

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. ആദ്യമായാണ് ഹര്‍ദിക്ക് ഇന്ത്യയെ നയിക്കുന്നത്.

സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പരമ്പര കളിക്കാന്‍ പോകുന്നതിനാലാണ് ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സി ടാസ്‌ക് ഏല്‍പ്പിച്ചത്. ഇതോടെ ഈ കൊല്ലം ഇന്ത്യയുടെ അഞ്ചാമത്തെ ക്യാപ്റ്റന്‍ ആയിരിക്കും ഹര്‍ദിക്ക് പാണ്ഡ്യ. വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, റിഷബ് പന്ത് എന്നിവരാണ് ഈ കൊല്ലം ഇന്ത്യയെ നയിച്ച മറ്റ് ക്യാപ്റ്റന്‍മാര്‍.

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് പകരം കെ.എല്‍. രാഹുല്‍ ഇന്ത്യയെ നയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ കോഹ്‌ലി തിരിച്ചെത്തുകയും പിന്നീട് അദ്ദേഹം നയിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. പിന്നീട് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെ ഇപ്പോഴത്തെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചിരുന്നു.

ഐ.പി.എല്ലിന് ശേഷം നിലവില്‍ പ്രോട്ടിസിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ റിഷബ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. അതായത് ഈ വര്‍ഷത്തെ നാലാമത്തെ ക്യാപ്റ്റന്‍. ഇനി അടുത്ത പരമ്പരയില്‍ ഹര്‍ദിക്ക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക.

ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ രോഹിത് നയിച്ച പരമ്പരകള്‍ മാത്രമേ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരെ നിലവില്‍ നടക്കുന്ന പരമ്പരയില്‍ 2-1ന് പിറകിലാണ് ടീം ഇന്ത്യ.

ഇതിന് മുമ്പേ ഒരു വര്‍ഷം ഇന്ത്യയെ അഞ്ച് ക്യാപ്റ്റന്‍മാര്‍ നയിച്ചത് 1959ലാ

യിരുന്നു. എന്നാല്‍ അന്ന് ടെസ്റ്റ് പരമ്പരകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1959ല്‍ ഹെമു അധികാരി, ദത്ത ഗെയ്ക്വാദ്, വിനൂ മന്‍കാദ്, ഗുലാബ്രായി രാംചന്ദ്, പങ്കജ് റോയ് എന്നിവരാണ് ഇന്ത്യയെ നയിച്ചത്.

ഈ മാസം 26നാണ് ഇന്ത്യയുടെ അയര്‍ലാന്‍ഡ് പരമ്പര ആരംഭിക്കുന്നത്. ജുലൈയില്‍ ഇംഗ്ലണ്ട് പര്യടനവും ആരംഭിക്കും. ഐ.പി.എല്ലിന് ശേഷം ലോകകപ്പിന് മുന്നോടിയായി തിരക്കു പിടിച്ച ഷെഡ്യൂളാണ് ടീം ഇന്ത്യയുടേത്.

Content Highlights: Five different indian captains for India this year