കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് വിജയകരമാക്കി മത്സ്യത്തൊഴിലാളികള്‍. മൂന്നുദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്.
ശക്തമായ ഒഴുക്കു കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമാണ് മത്സ്യത്തൊഴിലാളികള്‍ പൂര്‍ത്തിയാക്കിയത്.
ശ്രീകണ്ഠാപുരത്ത് ശക്തമായ മഴ തുടരുമ്പോഴാണ് ജീവന്‍ പോലും പണയം വെച്ച് മത്സ്യത്തൊഴിലാളികള്‍ എത്തിയതും ഏഴുപേരുടെ ജീവന്‍ രക്ഷിച്ചതും. കണ്ണൂരില്‍ നിന്നാണ് ബോട്ടുമായി അവരെത്തിയത്.
അതിനിടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നുമണിക്കാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളാണ് ഡാമിനുള്ളതെങ്കിലും ഒരു ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഷട്ടര്‍ തുറക്കുന്നത്.
തീരത്തുള്ള ആയിരത്തോളം ജനങ്ങളെ ഒഴിപ്പിച്ചുകഴിഞ്ഞു. കരമാന്‍ കനാലിന്റെ ഇരു കരകളിലുമുള്ളവരെ മാറ്റിത്താമസിപ്പിച്ച ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. നിരവധി സുരക്ഷാസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചിലയിടങ്ങളില്‍ മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ണൂരിന്റെ ചുമതലയുള്ള മന്ത്രിയാണ് ഇ.പി ജയരാജന്‍.വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതായെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി എണ്ണായിരത്തോളം ആളുകളുണ്ട്.