ബിഗ് ബാഷ് ലീഗില്‍ തന്റെ ആദ്യ വിക്കറ്റ് നേടി കിവീസ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ട്. ബി.ബി.എല്ലിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ബോള്‍ട്ട് തരംഗമായത്.
കാന്‍ബറയിലെ മാനുക ഓവല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് സിഡ്‌നി തണ്ടേഴ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ബോള്‍ട്ട് തണ്ടര്‍ ബോള്‍ട്ടായത്.
ബി.ബി.എല്ലിലെ തന്റെ ആദ്യ വിക്കറ്റ് തന്നെ രസകരമാക്കിയിരിക്കുകയാണ് ബോള്‍ട്ട്. ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു ബോള്‍ട്ടിന്റെ വിക്കറ്റ് നേട്ടം. തണ്ടേഴ്‌സ് താരം മാത്യൂ ജില്‍ക്‌സിനെ പുറത്താക്കിയാണ് ബോള്‍ട്ട് തന്റെ ബിഗ് ബാഷ് ലീഗ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്.
ബോള്‍ട്ടിനെ ഫ്‌ളിക് ചെയ്ത് ബൗണ്ടറി കണ്ടെത്താനുള്ള ശ്രമമായിരുന്നു ജില്‍ക്‌സ് നടത്തിയത്. എന്നാല്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ബ്രോഡി കൗച്ചിന് ക്യാച്ച് നല്‍കിയ ഔട്ടാവാനായിരുന്നു താരത്തിന്റെ വിധി.
എന്നാല്‍ ഏറെ രസകരരമായിരുന്നു ആ ക്യാച്ച്. ഫസ്റ്റ് ചാന്‍സില്‍ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ കൗച്ചിന് സാധിച്ചില്ല. എന്നാല്‍ സെക്കന്‍ഡ് ചാന്‍സിലും തേര്‍ഡ് ചാന്‍സിലും കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതെ വളരെ കഷ്ടപ്പെട്ട് അവസാനം ഗ്രൗണ്ടില്‍ കിടന്നാണ് താരം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
One of the more ridiculous catches you will see! #BBL12 @BKTtires | #GoldenMoment pic.twitter.com/mppFakDxgC
— cricket.com.au (@cricketcomau) December 13, 2022
ബോള്‍ട്ട് പോലും അത്ഭുതത്തോടെയാണ് ഈ ക്യാച്ച് കംപ്ലീറ്റ് ചെയ്യുന്നത് നോക്കി നിന്നത്.
ഇതിന് പുറമെ തൊട്ടടുത്ത പന്തില്‍ റിലി റൂസോയെ നഥാന്‍ കൂള്‍ട്ടര്‍നൈലിന്റെ കയ്യിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കിയും ബോള്‍ട്ട് മടക്കിയിരുന്നു.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ സ്റ്റാര്‍സ് എട്ട് വിക്കറ്റിന് 122 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ തണ്ടേഴ്‌സ് അവസാന പന്തില്‍ വിജയം നേടുകയായിരുന്നു.
Content Highlight: First wicket of Trent Boult in BBL