കൊച്ചി: ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒത്തു തീര്‍പ്പ് ശ്രമവുമായി ഫിറോസ് കുന്നംപറമ്പില്‍.
ഒത്തുതീര്‍പ്പിനായി ഫിറോസ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചതായും അതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന തൃശ്ശൂര്‍ സ്വദേശി സാജന്‍ കേച്ചേരി വര്‍ഷയില്‍ നിന്ന് പണം ആവശ്യപ്പെട്ടതിനെ ഫിറോസ് ന്യായീകരിച്ച് സംസാരിക്കുന്നുണ്ട്. താനടക്കമുള്ളവര്‍ വിവരം പങ്കുവെച്ചതുകൊണ്ടാണ് പെണ്‍കുട്ടിക്ക് പണം ലഭിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്.
എന്നാല്‍ ഓഡിയോയില്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയും മുന്‍മന്ത്രി പി. കെ ശ്രീമതിയടക്കമുള്ളവര്‍ പങ്കുവെച്ചതുകൊണ്ടു കൂടിയാണ് പണം വന്നതെന്ന് പെണ്‍കുട്ടിയും പറയുന്നുണ്ട്.
ചികിത്സയുടെ ആവശ്യം കഴിഞ്ഞുള്ള പണം വര്‍ഷ പണം ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് നല്‍കണമെന്നാണ് ഫിറോസിന്റെ ആവശ്യം. ഓപ്പറേഷനും വീട് വെക്കാനുമായി 80 ലക്ഷം വര്‍ഷയോട് എടുക്കാനും അത് ബാക്കി സഹായത്തിനായി മാറ്റി വെക്കണമെന്നുമാണ് ആവശ്യം.
നിലവില്‍ സാജന്‍ കേച്ചേരിയ്ക്കും ഫിറോസിനുമെതിരെ കേസ് നടന്നു കൊണ്ടിരിക്കുന്നുണ്ട്. പെണ്‍കുട്ടി ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട അന്നേദിവസം തന്നെ ലക്ഷങ്ങള്‍ അക്കൗണ്ടിലേക്കെത്തിയതിന് പിന്നില്‍ ഹവാല ഇടപാടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് സംശയമുന്നയിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടിലേക്ക് വന്ന പണത്തില്‍ ഹവാല പണമില്ലെന്ന്
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
നടന്നത് ഹവാല ഇടപാട് അല്ല. കാരണം വര്‍ഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നിരിക്കുന്നത്. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ്. ആരാണ് കാശിട്ടതെന്ന് കണ്ടെത്താന്‍ കഴിയും. ബാങ്ക് വഴിയല്ലാത്ത ഇടപാടുകളെയാണ് ഹവാല ഇടപാടുകള്‍ എന്ന് പറയുക എന്നും വിജയ് സാഖറെ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി വര്‍ഷയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക