കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെയും ഫിറോസ് രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗത്തെ പരിഹസിച്ച് കൊണ്ടാണ് ഫിറോസ് രംഗത്തെത്തിയത്.
‘ചാരിറ്റിക്കാരന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ, അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആകണം പൊതുപ്രവര്‍ത്തകന്‍ എന്നാണ്’, ഫിറോസ് പറഞ്ഞു.
ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നീങ്ങിയിട്ടല്ല ജനപ്രതിനിധിയാകേണ്ടതെന്നും ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ടെന്നുറപ്പുള്ളതുകൊണ്ടാണ് ഇതിന് ഇറങ്ങിത്തിരിച്ചതെന്നും ഫിറോസ് പറഞ്ഞു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 16നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈ പട്ടികയിലാണ് ഫിറോസിനെ ഉള്‍പ്പെടുത്തിയത്.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു.
ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ മോശമായിരുന്നു. കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നു.
ഹൈക്കമാന്‍ഡിന്റെ പേരില്‍ കെ.സി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ല,’കെ.സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക