കോഴിക്കോട്: തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമാണെന്നും വളരെ മോശം പ്രവണതയാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്നതെന്നും ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഫിറോസിന്റെ പ്രതികരണം.
തനിക്കും ഭാര്യയും മക്കളുമുണ്ടെന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് തവനൂരിലെ ജനം മറുപടി നല്‍കുമെന്നും ഫിറോസ് പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂവെന്നും പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫിറോസ് കുന്നംപറമ്പിലിനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയില്‍ തവനൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍
പോളിങ് ബൂത്തിലേക്ക് പോകാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എനിക്കെതിരെ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ സൈബര്‍ വിംഗും നടത്തുന്ന അപവാദ പ്രചരണങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാക്കഥകള്‍ പടച്ചുവിടുക അത് പോലെ പലരീതിയില്‍ വോയിസുകള്‍ എഡിറ്റ് ചെയ്തു വിട്ട് എനിക്കെതിരെ പ്രചരിപ്പിക്കുക എന്നത് വളരെ മോശം പ്രവണതയാണത്.
ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. കാരണം ഞാനൊക്കെ ആറ് വര്‍ഷമായിട്ട് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാം. പാവപ്പെട്ട രോഗികളും ആരോരുമില്ലാത്ത ആളുകളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമ്പോള്‍ എനിക്ക് കിട്ടിയ അവസരമായിട്ടാണ് ഞാന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ കണ്ടത്.
ഇതിലൂടെ കുറേയേറെ ആളുകള്‍ക്ക് കൂടുതല്‍ നന്മ ചെയ്യാന്‍ സാധിക്കുമെന്ന ലക്ഷ്യത്തിലൂടെയാണ് ഞാന്‍ വന്നത്. പക്ഷേ ഒരു സ്ഥാനാര്‍ത്ഥിയായി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. കാരണം എനിക്കും ഉമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്. നിങ്ങള്‍ ഈ രീതിയിലൊക്കെ പ്രചരിപ്പിക്കുമ്പോള്‍, നിങ്ങള്‍ പത്ത് വര്‍ഷമായി മണ്ഡലം ഭരിച്ചയാളല്ലേ, സ്വാഭാവികമായിട്ടും നിങ്ങള്‍ക്ക് പറയാന്‍ എന്തെങ്കിലുമൊക്കെ വികസനകാര്യങ്ങള്‍ വേണം.
ആശയപരമായിട്ട് ഒന്നും പറയാനില്ലെങ്കില്‍ അത് ഒഴിവാക്കണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ പറ്റുള്ളൂ. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്.
ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെ. അത് കൊണ്ട് ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ല. വലിയ വിഷമത്തോടുകൂടിയാണ് ഞാന്‍ ഈ പറയുന്നത്. എന്റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞോ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറയും. പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക